മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുന്ന ഓരോ രൂപയും സുരക്ഷിതം, ധൈര്യമായി പണമയക്കാം, കൃത്യമായ കണക്കുകളിതാ
വയനാട്: ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട വയനാടിനായി ഒറ്റക്കെട്ടായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന ജനങ്ങളെയാണ് കേരളം കഴിഞ്ഞ ദിവസങ്ങളിലായി കണ്ടത്. ജാതിയുടെയും മതത്തിന്റെയും മറ്റ് അതിര്‍വരമ്പുകളെല്ലാം മാറ്റിനിര്‍ത്തിയാണ് കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നും വയനാട്ടിലെ ജനതയ്ക്കായി സഹായം എത്തിക്കുന്നത്. ഇതിനിനിടയില്‍ വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലിയതോതിലുള്ള വ്യാജപ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. പണം അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുന്നില്ലെന്നും എന്തിനാണ് അതിലേക്ക് പണം അയക്കുന്നത് എന്നുമാണ് പ്രധാനമായും നടക്കുന്ന വ്യാജപ്രചാരണം.
എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കുന്ന ഓരോ രൂപയും സുരക്ഷിതമാണെന്നാണ് കണക്കുള്‍ തെളിയിക്കുന്നത്. പരിപൂര്‍ണമായ ഓഡിറ്റിങ്ങിന് വിധേയമായും സുതാര്യവുമായ ഫണ്ടാണ് ദുരിതാശ്വാസ നിധി. അഡീഷണല്‍ ചീഫ് സെക്രട്ടറി(ധനകാര്യം)യാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. നിലവില്‍ രാജേഷ് കുമാര്‍ സിങ്ങിനാണ് ഇതിന്റെ ചുമതല. ധനകാര്യ സെക്രട്ടറിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതെങ്കിലും, ഫണ്ട് നിയന്ത്രിക്കുന്നത് റവന്യൂ വകുപ്പാണ്.
ചെലവഴിച്ച തുകയുടെ വിശദവിവരങ്ങള്‍ അറിയുന്നതിനായി ജനങ്ങള്‍ക്ക് https://donation.cmdrf.kerala.gov.in/index.php/Settings/transparency#expenditure സന്ദര്‍ശിക്കാം. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാലും ജനങ്ങള്‍ക്ക് വിവരം ലഭിക്കും. ഈ ഫണ്ടുകള്‍ കണ്‍ട്രോളര്‍ ആന്‍ഡ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിന് വിധേയമാണ്. ഇതിന്റെ ചെലവും സംസ്ഥാന നിയമസഭയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്.
2018-19ലെ പ്രളയത്തില്‍ സമാഹരിച്ച തുക- 4970 കോടി
*പൊതുജനങ്ങളില്‍നിന്ന് ഇലക്ട്രോണിക് പെയ്‌മെന്റ് വഴി 230 കോടി രൂപയാണ് ഈ കാലയളവില്‍ ദുരിതാശ്വാസ നിധിയിലെത്തിയത്
*പൊതുജനങ്ങളിൽനിന്ന് മറ്റ് മാർഗ്ഗങ്ങൾ വഴിയും പെന്‍ഷന്‍കാരുടെ സാലറി ചാലഞ്ച്, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെല്ലാമായി 3013.32 കോടി രൂപ
*ജീവനക്കാരുടെ സാലറി ചാലഞ്ചിലൂടെ 1246.98 കോടി
*ഫെസ്റ്റിവല്‍ അലവന്‍സ് – 117.69 കോടി
*കെയര്‍ ഹോം പദ്ധതിക്കായി സംസ്ഥാന സഹകരണ വകുപ്പ് സമാഹരിച്ച ഫണ്ട്- 52.69 കോടി
*മദ്യവില്‍പനയിലെ അധിക നികുതി ചുമത്തിയതിലൂടെ ലഭിച്ചത്- 308.68 കോടി
*ഇതെല്ലാം കൂടെയായി ആകെ ലഭിച്ച 4970.29 കോടി രൂപയില്‍ 4724.83 കോടി രൂപയാണ് വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്.
അനുവദിച്ച തുക- 4724.83 (2023 ഡിസംബര്‍ 31 പ്രകാരമുള്ള കണക്കുകള്‍)
*2018-ലെ പ്രളയം ബാധിച്ച കുടുംബങ്ങള്‍ക്ക് 2018 പ്രളയത്തിലെ അടിയന്തിര സാമ്പത്തിക സഹായമായി 6200 രൂപ വീതം നല്‍കിയത് വഴി ആകെ അനുവദിച്ച തുക- 457.58 കോടി രൂപ
*വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തിക ധനസഹായം നല്‍കിയത് – 2503.51 കോടി രൂപ
*പ്രളയബാധിതര്‍ക്ക് കിറ്റ് നല്‍കാനായി കേരള സിവില്‍ സപ്ലൈസ് കോര്‍പറേഷന് അനുവദിച്ച തുക- 54.46 കോടി
*പ്രളയം ബാധിച്ച കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് വഴി അനുവദിച്ച തുക – 54 കോടി
*പ്രളയബാധിതര്‍ക്ക് അരി വിതരണം ചെയ്യാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അനുവദിച്ചത്- 9.4 കോടി
*ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചര്‍ വഴി അനുവദിച്ച തുക- 85.6 കോടി
*കെയര്‍ ഹോം പദ്ധതിയിലൂടെ വീട് വെച്ച് നല്‍കാനായി നീക്കി വെച്ച തുക- 52.69 കോടി
*കുടുംബശ്രീക്കായി നീക്കിവെച്ചത് – 336 കോടി രൂപ
*ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി നീക്കി വെച്ചത്- 26.3 കോടി രൂപ