നരയംകുളത്ത് തച്ചറോത്ത് അശ്വന്തിന്റെ മരണം; ഒരു വര്‍ഷം പിന്നിട്ടിട്ടും മരണത്തിന് പിന്നിലെ ദുരൂഹത നീങ്ങിയില്ലെന്ന് പരാതി
പേരാമ്പ്ര: ഒരു വര്‍ഷത്തോളമായി സ്വന്തം മകന്റെ മരണത്തിന്റെ കാരണം തേടുകയാണ് ഒരു കുടുംബം. നരയംകുളത്തെ തച്ചറോത്ത് ശശിയുടെ മകന്‍ അശ്വന്ത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് കണ്ണൂര്‍ തോട്ടട ഗവ. പോളിടെക്‌നിക്കിലെ ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംഭവിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ തൂങ്ങിമരിക്കാനിടയായ കാരണം എന്തെന്നു കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന അശ്വന്തിന് വീട്ടിലോ നാട്ടിലോ കോളജിലോ ഒരു പ്രശ്‌നവും ഇല്ലാതിരുന്നു അതിനാല്‍ തന്നെ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതുന്നത്. അതിനാല്‍ തന്നെ കാരണം എന്താണെന്ന് അറിയണമെന്ന് ആവശ്യം ഉയരുന്നത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമാണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും അതിന്റെ കാരണം കണ്ടെത്താന്‍ കേസന്വേഷിച്ച എടക്കാട് പൊലീസിനു കഴിഞ്ഞിട്ടില്ല. അശ്വന്തിന്റെ ഫോണ്‍ പരിശോധിക്കാന്‍ ഇതുവരെ പൊലീസ് തയാറായിട്ടില്ല. ഫോണ്‍ കോടതിയില്‍ ഹാജരാക്കിയെന്നാണ് പൊലീസ് പറയുന്നത്. വാട്‌സ്ആപ് ചാറ്റുകളും കാളുകളും പരിശോധിച്ചാല്‍ ദുരൂഹത നീങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍, ഒരു വര്‍ഷമായിട്ടും അത് പരിശോധനക്ക് വിധേയമാക്കിയില്ല എന്ന് അശ്വന്തിന്റെ അച്ഛന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
അതിനാല്‍ തന്നെ സമയം വൈകുന്തോറും തെളിവ് നഷ്ടമാകുമെന്ന ഭയമാണ് പങ്കുവെക്കുന്നത്. ഒരു വര്‍ഷം ഉപയോഗിക്കാതിരുന്നതുകൊണ്ട് ഫോണ്‍ കേടുവന്ന് തെളിവുകള്‍ നശിച്ചു പോയിട്ടുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്.
അശ്വന്തിന്റെ മരണകാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്.പിക്കും നിവേദനം നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. അശ്വന്ത് മരിച്ച ദിവസം ബന്ധുക്കളും നാട്ടുകാരും ഹോസ്റ്റലില്‍ എത്തുന്നതിനു മുന്‍പേ മൃതദേഹം അഴിച്ചു കിടത്തിയിരുന്നു. ഇതും സംശയത്തിന് ഇടയാക്കുന്നുണ്ട്.
കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന മകന്റെ മരണ കാരണം കണ്ടെത്തുന്നതുവരെ തുടര്‍ നടപടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മ സീമയും ഒരു സഹോദരിയും അച്ഛമ്മയും അടങ്ങുന്നതാണ് അശ്വന്തിന്റ കുടുംബം.