വേനല്‍ക്കാലത്തും ജലസമൃദ്ധമായി എരവട്ടൂരിലെ നരിക്കിലാപ്പുഴയോരം; ചേര്‍മലയോടൊപ്പം ഇവിടവും വിനോദസഞ്ചാര വിശ്രമകേന്ദ്രമാക്കാന്‍ ആലോചന


പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ എരവട്ടൂര്‍ കനാല്‍ മുക്കിന് അടുത്തായി വിശാലമായ സ്ഥലത്തുകൂടി ഒഴുകുന്ന പ്രകൃതിദത്തമായ ജലാശയമാണ് നരിക്കിലാപ്പുഴയോരം. മഴക്കാലത്തും വേനല്‍ക്കാലത്തും ജലസമൃദ്ധമായ ഈ പുഴയെ സംരക്ഷിക്കാനും അതോടൊപ്പം വിനോദസഞ്ചാരകേന്ദ്രമാക്കാനും പദ്ധതിടുകയാണ് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പുഴയില്‍ അടിഞ്ഞുകൂടിയ പായലും ചെളിയും നീക്കം ചെയ്യല്‍ പ്രവൃത്തികള്‍ക്ക് തുടക്കമായി.

ശേഷം വശങ്ങളില്‍ കൈവരികള്‍സ്ഥാപിച്ച് സിമന്റ് കട്ട പതിച്ച് നടപ്പാതയൊരുക്കാനും ഇരിപ്പിടംനിര്‍മിച്ച് ജനങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവുമൊരുക്കാനും ആലോചിക്കുന്നതായി അധികൃതര്‍ പറഞ്ഞു. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തി. അടുത്തവര്‍ഷവും 20 ലക്ഷംകൂടി വകയിരുത്തി, തുടര്‍പ്രവൃത്തികള്‍ നടത്തും. ശുദ്ധമായ ജലസ്രോതസ്സായി നരിക്കിലാപ്പുഴയെ നിലനിര്‍ത്തുവാനാണ് ഉദ്ദേശ്യം.

എരവട്ടൂരിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള കിണറുകളില്‍ ശുദ്ധജലം ഉറപ്പുവരുത്തുന്ന രീതിയില്‍ പുഴയെ സംരക്ഷിക്കാനും ഉദ്ദേശിക്കുന്നുണ്ട്. മറ്റുഭാഗങ്ങളില്‍നിന്ന് മലിനജലം പുഴയിലേക്ക് എത്തുന്നത് തടയാനുള്ള കാര്യങ്ങളും ചെയ്യും. ചേര്‍മലയില്‍ ടൂറിസംപദ്ധതി നടപ്പാക്കുന്നതിന് അനുബന്ധമായി നിരിക്കിലാപ്പുഴയ്ക്ക് സമീപവും വിനോദസഞ്ചാരത്തിന് ഉപയോഗപ്പെടുത്തണമെന്ന് നേരത്തെ ഡി.ടി.പി.സി. അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

ചേര്‍മലയില്‍നിന്നും കണ്ണോത്ത് കുന്നില്‍നിന്നും ഒഴുകിയെത്തുന്ന നീരുറവകളാണ് നരിക്കിലാപ്പുഴയെ ജലസമൃദ്ധമാക്കി നിലനിര്‍ത്തുന്നത്. 1990-ല്‍തന്നെ നരിക്കിലാപ്പുഴ സംരക്ഷിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍തുടങ്ങിയിരുന്നു. 2010-ല്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പുഴ കെട്ടിസംരക്ഷിക്കാന്‍ പദ്ധതി നടപ്പാക്കുകയും ചെയ്തു. കരിങ്കല്ല് ഉപയോഗിച്ച് ചുറ്റും കെട്ടിസംരക്ഷിച്ചെങ്കിലും പൂര്‍ണരീതിയില്‍ കാര്യങ്ങള്‍ ചെയ്യാനായിരുന്നില്ല.