മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്‌കൂള്‍ മുഴുവനായും ഹരിതാഭമാകും; പ്രതീക്ഷകളുടെ പച്ചപ്പ് നട്ട് മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


മേപ്പയ്യൂര്‍: പ്രകൃതിയോടൊപ്പം പച്ചപ്പും ഹരിതാഭവും കണ്ട് വളരട്ടെ അവര്‍, മരങ്ങളും കിളികളുമെല്ലാം മനുഷ്യനൊപ്പം ഒരേ സ്ഥാനം പങ്കുിടുന്നവരാണെന്നവരറിയട്ടെ. മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കുളും പരിസരവും പൂര്‍ണ്ണമായി ഹരിതവത്ക്കരിക്കാനുള്ള പദ്ധതിയിലാണ് സ്‌കൂള്‍ അധീകൃതര്‍. സര്‍വേ നടത്തി സ്‌കൂള്‍ കെട്ടിടമൊഴിച്ചുള്ള ഭാഗങ്ങളില്‍ വൃഷതൈകളും, മുളകളുമുള്‍പ്പെടെയുള്ളവ വച്ചുപിടിപ്പിച്ച് ഹരിതാഭമാക്കാനാണ് പദ്ധതി. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ സ്‌കൂളും പരിസരവും ജൈവ വൈവിധ്യങ്ങളുടെ കലവറയാകുമെന്നുറപ്പാണ്.

സ്‌കൂളിലെ ഇല പരിസ്ഥിതി ക്ലബ്ബും കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിജ്ഞാന വ്യാപന വിഭാഗവും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്‌കൂള്‍ മുഴുവനായും ഹരിതാഭമാക്കാനാണ് ലക്ഷ്യമെന്ന് അധ്യാപകന്‍ എം.ബി ബാബു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പരിസ്ഥിതി ദിനാഘോഷത്തിന്റെയും സ്‌കൂളിനെ സമ്പൂര്‍ണ ഹരിതവത്കരണ പദ്ധതിയുടെയും ഉദ്ഘാടനം മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി രാജന്‍ വൃക്ഷത്തൈ നട്ടുകൊണ്ട് നിര്‍വഹിച്ചു. സ്‌കൂള്‍ പി. ടി. എ പ്രസിഡണ്ട് കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കോഴിക്കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.

സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ എം.എം ബാബു, പിടിഎ മെമ്പര്‍ മുജീബ് കോമത്ത് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.നിഷിദ് സ്വാഗതവും, ടി. സി സുധീര്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍ പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ ബാബു മലയില്‍ത്താഴ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.