പരിസ്ഥിതി സംരക്ഷണത്തിന്റെ നല്ലപാഠങ്ങള്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്ത് സി രാഘവന്‍; അരിക്കുളത്ത് പരിസ്ഥിതി ദിനാഘോഷ വാരാചരണം
അരിക്കുളം: അരിക്കുളം കെ.പി.എം എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷ വാരാചരണവും വനമിത്ര പുരസ്‌ക്കാര ജേതാവ് സി.രാഘവന്‍ അരിക്കുളത്തിനുള്ള അനുമോദനവും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാഥാന്യത്തെ കുറിച്ച് അദ്ദേഹം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2021 ലെ വനമിത്ര പുരസ്‌കാരമാണ് സി രാഘവനെ തേടിയെത്തിയത്. സര്‍വീസിലിരിക്കെ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ആയി പ്രവര്‍ത്തിച്ച 2013 കാലഘട്ടങ്ങളില്‍ തുടക്കം കുറിച്ച ഒരു തൈ നടുമ്പോള്‍ എന്ന പദ്ധതിക്ക് പൊതുസമൂഹത്തില്‍ നിന്നും വലിയ അംഗീകാരമാണ് ലഭിച്ചത്. വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, വായനശാലകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ പദ്ധതി പ്രകാരം മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ജോലി ചെയ്ത മുഴുവന്‍ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച് ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ഡിപ്പാര്‍ട്ട്മെന്റിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ രാഘവന് കഴിഞ്ഞു.
ഹെഡ്മിസ്ട്രസ് പി.ജി മീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റര്‍ സി.എം.ഷിജു സ്വാഗതം പറഞ്ഞു. റജീന സി.കെ, വി.സി ഷാജി, മുഹമ്മദ് ഷഫീഖ്, അബ്ദുള്‍ അസീസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു.