എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കി; ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്


ഒഞ്ചിയം: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്. ഡിജിറ്റൽ മേഖലയെ കുറിച്ച് പൂർണമായ അറിവില്ലാത്ത ആളുകളെ സാക്ഷരതാ പ്രേരക്മാരും, തൊഴിലുറപ്പ് മേറ്റുമാരും, എൻഎസ്എസ് വളണ്ടിയറും, കുടുംബശ്രീ വളണ്ടിയർമാരും ചേർന്ന് കണ്ടെത്തി. തെരഞ്ഞെടുക്കപ്പെട്ട ഇത്തരം ആളുകൾക്ക് വാട്സപ്പ് ഉൾപ്പടെയുള്ള പ്രധാനപ്പെട്ട സാമൂഹിക മാധ്യമങ്ങൾ സംബന്ധിച്ച് പരിചയപ്പെടുത്തിക്കൊടുക്കുക, ആ പരിചയപ്പെടുത്തലിലൂടെ ഡിജിറ്റലുമായി ബന്ധപ്പെട്ട് അറിവ് നൽകുക എന്നതാണ് ഈ പ്രഖ്യാപനത്തിലൂടെ നടപ്പിലാക്കപ്പെടുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.പി റെജുലാൽ ഡിജിറ്റൽ പ്രഖ്യാപനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ മഠത്തിൽ അധ്യക്ഷനായി. ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഹീസാ നൗഷാദ്, ശാരദാവത്സൻ, യു എം സുരേന്ദ്രൻ, പ്രേമൻ തുടങ്ങിയവർ സംസാരിച്ചു.