ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക; മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ ജലബജറ്റ് നാളെ
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ ജലബജറ്റ് നാളെ പ്രകാശനം ചെയ്യും. പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പ്രകാശനം നിർവ്വഹിക്കും. ഹരിതകേരള മിഷൻ്റെ നേതൃത്വത്തിൽ, സി ഡബ്ളിയു ആർ ഡി എം ൻ്റെ സഹകരണത്തോടെയും ജില്ലാ പഞ്ചായത്തിൻ്റെ പിന്തുണയോടെയുമാണ് ജലബജറ്റ് തയ്യാറാക്കിയത്.
പ്രദേശത്തെ ഒരു വർഷക്കാലയളവിലെ ജല ലഭ്യതയുടെയും ജലവിനിയോഗത്തിൻ്റെയും വിവരങ്ങൾ ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ കാലയളവിലേയും ജല മിച്ചവും ജല കമ്മിയും ഇതിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണവും ജലത്തിൻ്റെ ഫലപ്രദമായ ഉപഭോഗത്തിൻ്റെ അനിവാര്യതയും ഉറപ്പു വരുത്തുന്നതിനാവശ്യമായ തുടർ പ്രവർത്തനങ്ങൾക്ക് അവലംബിക്കുന്നതാണ് ജലബജറ്റെന്നും പ്രസിഡണ്ട് വ്യക്തമാക്കി.