മയക്കുമരുന്ന് വില്പന നടത്തി വിദ്യാർത്ഥികളെ ഉൾപ്പടെ ലഹരിക്ക് അടിമപ്പെടുത്തുന്ന പ്രവർത്തിയിൽ ഏർപ്പെട്ടു; കോഴിക്കോട് യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി


കോഴിക്കോട്: നഗരത്തിലെ പലഭാഗങ്ങളിലും മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വില്പന നടത്തി വിദ്യാർത്ഥികളെയും യുവാക്കളേയും ലഹരിക്ക് അടിമപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികളിൽ ഏർപ്പെട്ട യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് വീട്ടിൽ ഹാഷിംനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. പ്രതിക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് കണ്ണൂർ റെയ്‌ഞ്ച് ഡി.ഐ. ജി. ഒരു വർഷത്തേക്ക് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതിക്കെതിരെ 2019 ൽ ബ്രൌൺ ഷുഗർ വിൽപ്പന നടത്തിയതിന് NDPS Act പ്രകാരം വെള്ളയിൽ പോലീസ് സ്റ്റേഷനിൽ കേസ് ചാർജ് ചെയ്തിരുന്നു. കേസ് നിലനിൽക്കെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ വീട്ടിൽ നിന്നും 2024 ൽ വിൽപനക്കായി സുക്ഷിച്ച 529 ഗ്രാം കഞ്ചാവുമായും 1.940 ഗ്രാം മെത്താഫൈറ്റാമിനും വെള്ളയിൽ പോലീസ് പിടികൂടിയിരുന്നു. ഇത് കൂടാതെ 2024 സെപ്തംബർ മാസം കോഴിക്കോട് ലിങ്ക് റോഡിൽ വെച്ച് കഞ്ചാവ് വിൽപന നടത്തുന്നതിനിടെ ടൌൺ പോലീസ് 530 ഗ്രാം കഞ്ചാവ് സഹിതം വീണ്ടും ഇയാളെ അറസ്റ്റ് ചെയ്തു.

തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടുവരുന്ന പ്രതിക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ നിന്നും നല്ല നടപ്പിനുള്ള നടപടി സ്വീകരിക്കുന്നതിൻെറ ഭാഗമായി റിപ്പോർട്ട് തയ്യാറാക്കി കോഴിക്കോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിനെ തുടർന്ന് സബ് ഡിവിഷണൽ കോടതി ഒരു വർഷക്കാലത്തെക്കുള്ള നല്ല നടപ്പ് ജാമ്യത്തിൽ പ്രതിയെ വിടുകയും ചെയ്തു. എന്നാൽ ജാമ്യത്തിൽ കഴിയവെ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിൽ കോടതി 50,000/- രൂപ പിഴ ശിക്ഷയും പ്രതിക്കെതിരെ വിധിച്ചു.

Description: Engaged in intoxicating activities involving students by selling drugs;The Kozhikode youth was charged with Kappa and deported