കുന്നുമ്മൽ പഞ്ചായത്തിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന; നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു, 17,500 രൂപ പിഴ ഈടാക്കി


കക്കട്ടിൽ: മാലിന്യമുക്തം, നവകേരളം പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിലെ കടകളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ് മെന്റ് സ്ക്വാഡ് പരിശോധന നടത്തി. കുളങ്ങരത്ത്, കക്കട്ടിൽ ടൗണുകളിലെ കൂൾബാറുകൾ, ബേക്കറികൾ, പലചരക്കുസ്ഥാപനങ്ങൾ, ചിക്കൻ സ്റ്റാളുകൾ, വിദ്യാലയങ്ങൾ, കാറ്ററിങ് സ്ഥാപനങ്ങൾ, വർക്‌ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്‌.

നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ വിൽപ്പന നടത്തിയ മൂന്ന് സ്ഥാപനങ്ങളിൽനിന്ന്‌ അവ പിടിച്ചെടുത്തു.പേപ്പർകപ്പുകൾ, തുടങ്ങി നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിറ്റ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴയീടാക്കി. പൊതുജനാരോഗ്യത്തിന് ഹാനികരമായവിധത്തിൽ വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പിഴചുമത്തി. 17 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17,500 രൂപ വിവിധ വകുപ്പുകളിലായി പിഴചുമത്തിയിട്ടുണ്ട്.

അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്, ഹെഡ്ക്ലാർക്ക് പി.പി. മുരളിധരൻ, സീനിയർ ക്ലാർക്ക് പി.കെ. ബാബു. പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീജയ എന്നിവർ അടങ്ങിയ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. തുടർദിവസങ്ങളിൽ വീണ്ടും പരിശോധന നടത്തുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരേ പിഴ ഈടാക്കുന്നതുൾപ്പടെ കർശന നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Description: Enforcement squad inspects Kunnummal panchayat