സെക്രട്ടറിക്കും ജീവനക്കാർക്കുമെതിരെ അസഭ്യവർഷവും ഭീഷണിയും; പേരാമ്പ്ര പഞ്ചായത്തിൽ ജീവനക്കാരുടെ പ്രതിഷേധ സദസ്


പേരാമ്പ്ര: പേരാമ്പ്ര ​ഗ്രാമപഞ്ചായത്തിലെ മാലിന്യ സംഭരണ കേന്ദ്രമായ എം.സി.എഫ് കഴിഞ്ഞ ദിവസം കത്തിനശിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ജീവനക്കാരെ പരസ്യമായി മുസ്ലീം ലീ​ഗ് അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. സെക്രട്ടറിക്കും ജീവനക്കാർക്കും എതിരായി നടത്തിയ നുണപ്രചരണം തള്ളിക്കളയണമെന്ന് പ്രതിഷേധ സദസിൽ ജീവനക്കാർ ആവശ്യപ്പെട്ടു.

ജൂൺ 13ന് രാത്രിയിലാണ് പഞ്ചായത്തിന്റെ എം.സി.എഫ് കേന്ദ്രവും അതിനോട് ചേർന്നുള്ള കെട്ടിടവും കത്തി നശിച്ചത്. ഇതിൽ പ്രതിഷേധിച്ച് മുസ്ലീം​ ലീ​ഗിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. കൂടാതെ എം.സിഎഫിന് സമീപത്തായി ഫ്ലക്സും കൊടിയും സ്ഥാപിച്ചിരുന്നു. പേരാമ്പ്രയിലെ തീപിടുത്തതിന് ഉത്തരവാദി പഞ്ചായത്താണെന്നായിരുന്നു ലീ​ഗ് ആരോപിച്ചത്. ന​ഗര മധ്യത്തിലെ മാലിന്യ സംഭരണ കേന്ദ്രം അടച്ച് പൂട്ടണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ‌

പഞ്ചായത്ത് ജീവനക്കാരെത്തി ഫ്ലക്സ് ഇവിടെ നിന്നും നീക്കം ചെയ്തു. ഇതിന് പിന്നാലെ മൂന്ന് ലീ​ഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലെത്തി ജീവനക്കാരെ അധിഷേപിക്കുകായിരുന്നുവെന്ന് പഞ്ചായത്ത് ജീവനക്കാർ പറഞ്ഞു. ജീവനക്കാർക്കെതിരെ അസഭ്യ വർഷവും ഭീഷണിയും മുഴക്കിയിരുന്നു. കൂടാതെ ലീ​ഗ് സംഘടിപ്പിച്ച മറ്റൊരു പരിപാടിയിലും പഞ്ചായത്തിനെ അധിഷേപപിച്ച് സംസാരിച്ചിരുന്നതായും ജീവനക്കാർ ആരോപിച്ചു.

എം.സി.എഫ് കേന്ദ്രം ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം പഞ്ചായത്ത് ജീവനക്കാരിൽ കെട്ടിവച്ച് ചിലർ സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങൾ അപലപനീയമാണെന്ന് പഞ്ചായത്ത് സെക്രട്ടറി ഷിജു എൽ.എൻ പറഞ്ഞു. സംസ്ക്കാര ശൂന്യമായ രീതിയിൽ പഞ്ചായത്ത് ജീവനക്കാർക്കെതിരെ നടത്തിയ പ്രസം​ഗം പൂർണ്ണമായും തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്ത് ജീവനക്കാരായ സജിത്ത് കുമാർ, എം.ബാബു, മിനീശൻ എം.എം, എം.കെ കമല എന്നിവർ സംസാരിച്ചു.