കൊല്ലം നെല്യാടി മേപ്പയ്യൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു; 2.4 കോടിയുടെ അടിയന്തിര ടാറിംഗ് പ്രവൃത്തി ഇന്നാരംഭിക്കും
പേരാമ്പ്ര: കൊല്ലം നെല്യാടി മേപ്പയ്യൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലുള്ള റോഡിനെ സുഗമമായ ഗതാഗതത്തിന് യോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 38.9 കോടിയുടെ വികസന പദ്ധതിക്ക് അനുമതിയായിട്ടും സ്ഥലം ഏറ്റെടുക്കലിന് വന്ന കാലതാമസമാണ് പദ്ധതി വൈകിപ്പിക്കുന്നത്.
സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ റോഡിന്റെ അടിയന്തിര ടാറിംഗിനായി അനുവദിച്ച 2.4 കോടി രൂപയുടെ പ്രവർത്തി വ്യാഴാഴ്ച മുതല്‍ ആരംഭിക്കാൻ ബുധനാഴ്ച പേരാമ്പ്ര റസ്റ്റ് ഹൗസിൽവച്ച് ചേർന്ന യോഗത്തില്‍ തീരുമാനമായി.
സ്വകാര്യ കമ്പനികളുടെ കേബിൾ സ്ഥാപിക്കുന്ന പ്രവർത്തി ഞായറാഴ്ചക്കുള്ളിൽ പൂർത്തിയാക്കാനും കേബിൾ സ്ഥാപിച്ച സ്ഥലങ്ങൾ പൂർണ്ണമായും പൂർവ്വസ്ഥിതിയിലാക്കാനും യോഗം തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
കെ.ആർ എഫ്. ബി, ജെ.ജെ.എം. ഉദ്യോഗസ്ഥർ, സ്വകാര്യ കേബിൾ കമ്പനി കരാറുകാർ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.