ചെമ്പനോടയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് തുടരുന്നു; പ്രതിഷേധവുമായി കര്‍ഷക സംഘടനകളും ജനങ്ങളും


ചെമ്പനോട: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് തുടരുന്നു. പ്രദേശവാസികള്‍ കടുത്ത ആശങ്കയില്‍. ഓരോ ദിവസവും നാട്ടിലേക്കിറങ്ങുന്ന കാട്ടാനക്കൂട്ടം കാര്‍ഷിക വിളകള്‍ മുഴുവന്‍ നശിപ്പിക്കുകയാണ്. കാട്ടാന ശല്യം കൊണ്ട് കൂടുതലായും പൊറുതി മുട്ടുന്നത് ചെമ്പനോടയിലെ ഉണ്ടന്‍ മൂല, വലിയ കൊല്ലി നിവാസികളാണ്. ഈ പ്രദേശത്തുകാര്‍ കുറച്ച് ദിവസങ്ങള്‍ ആയി വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും പേടിക്കുന്ന സ്ഥിതിയാണ്. ഇപ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ കാട്ടാന വീട് മുറ്റത്ത് വരെ കയറി തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികള്‍ നശിപ്പിക്കുന്നതും പതിവാകുകയാണ്.

കഴിഞ്ഞ ദിവസം കാടുവിട്ടിറങ്ങി വന്ന ആനക്കൂട്ടം മൂത്താട്ടുപുഴ പാലത്തിനുസമീപം വാലുപറമ്പില്‍ സോജി, കാട്ടാമ്പാക്കല്‍ ബീന വര്‍ഗീസ് എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങും കവുങ്ങുകളും വാഴയുമുള്‍പ്പെടെ നശിപ്പിച്ചു. കൂടാതെ വിലങ്ങു പാറ ബേബി, തുണ്ടത്തില്‍ കുന്നേല്‍ ഏലിക്കുട്ടി പൈനാപ്പള്ളി മാത്യു, പൈനാപ്പള്ളി ചാക്കോ, പൈനാപ്പള്ളി ജോസ്, പുല്ലുണ്ണിയില്‍ ചന്ദ്രന്‍, കുളമാക്കല്‍ ശശി, വടക്കേക്കുറ്റ് സത്യന്‍ എന്നിവരുടെ കൃഷികളും നശിപ്പിച്ചു.

ദിവസങ്ങളായി തുടരുന്ന കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടത്തില്‍ ചുണ്ടയില്‍ തോമസ്, വാഴക്കടവത്ത് ബിനു എന്നിവരുടെ കൃഷിയിടങ്ങളിലും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെമ്പനാട മൂഴി റോഡില്‍ കണ്ട കാട്ടാനക്കൂട്ടം ഈ പ്രദേശത്തെ കാട്ടില്‍ തമ്പടിച്ചിരിക്കയാണ്.

ഈ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കി ജനങ്ങളുടെ ആശങ്ക പരിഹരിച്ചില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തിഫോറസ്റ്റ് ഓഫീസ് ഉപരോധം അടക്കമുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് സ്ഥലം സന്ദര്‍ശിച്ച പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ കെ.എ ജോസുകുട്ടി മുന്നറിയിപ്പ് നല്‍കി.

അതേസമയം തുടര്‍ച്ചയായി കാട്ടാനകള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതില്‍ പ്രതിഷേധവുമായി കര്‍ഷകരും രംഗത്തിറങ്ങി. കര്‍ഷകസംഘടനയായ കിഫയുടെ നേതൃത്വത്തില്‍ പ്രശ്‌നത്തിന് അടിയന്തരനടപടിയാവശ്യപ്പെട്ടുകൊണ്ട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സമീപിച്ചു. കിഫ ചെമ്പനോട യൂണിറ്റ് ഭാരവാഹികളാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തി റെയ്ഞ്ച് ഓഫീസര്‍ കെ.വി ബിജുവിനെ കണ്ടത്. കിടങ്ങുകള്‍ നികന്നതും സോളാര്‍ വേലികള്‍ കാര്യക്ഷമമല്ലാത്തതുമാണ് ആനകള്‍ കൃഷിയിടങ്ങളിലേക്ക് കൂടുതലായി എത്താനുള്ള കാരണമെന്ന് ഇവര്‍ അറിയിച്ചു.

ആലമ്പാറമുതല്‍ ചെങ്കോട്ടക്കൊല്ലിവരെ എടുത്തിട്ടുള്ള കിടങ്ങ് പൂര്‍ത്തീകരിക്കുക, വനാതിര്‍ത്തിയായ പൂഴിത്തോടുമുതല്‍ പെരുവണ്ണാമൂഴി, സീതപ്പാറവരെ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുക, ചെമ്പനോട പെരുവണ്ണാമൂഴി റോഡിന് ഇരുവശവും വാഹനയാത്രക്കാര്‍ക്ക് കാഴ്ച ലഭിക്കുന്ന രീതിയില്‍ കാട് വെട്ടിമാറ്റുക തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് കിഫ ആവശ്യപ്പെട്ടു.

ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കിഫ ജില്ലാപ്രസിഡന്റ് മനോജ് കുംബ്ലാനി, ചെമ്പനോട യൂണിറ്റ് പ്രസിഡന്റ് ഫ്രാന്‍സിസ് വടക്കേമുറി, ലൂക്ക വെട്ടിക്കാലായില്‍, മാത്യു മാടവന, പ്രകാശ് ജോസ്, ജീമോന്‍ സ്രാമ്പിക്കല്‍, വര്‍ഗീസ് കുര്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.