അപകടകരമായ വിധം ജലനിരപ്പ് ഉയർന്നാൽ മുന്നറിയിപ്പ് നൽകാൻ ഇലക്ട്രാണിക് സെൻസറുകൾ ; കുറ്റ്യാടിപ്പുഴ ഉൾപ്പടെ ജില്ലയിലെ 4 പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിക്കുന്നു


കുറ്റ്യാടി: പ്രകൃതിദുരന്തങ്ങളെത്തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്ന് അപകടകരമായ സാഹചര്യം ഉണ്ടായാൽ മുന്നറിയിപ്പു നൽകാൻ ഇലക്ട്രാണിക് സെൻസറുകൾ. പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണ പദ്ധതി തുടങ്ങി. സെൻസറുകൾ സ്ഥാപിക്കുന്നതും നിരീക്ഷണം നടത്തുന്നതും എൻഐടി ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ്.

പ്രകൃതി ദുരന്തങ്ങൾ പ്രതിരോധിക്കുന്നതിന് ദേശീയതലത്തിൽ നടപ്പാക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായാണിത്.ജില്ലയിൽ കുറ്റ്യാടിപ്പുഴ ഉൾപ്പടെ 4 പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ഇലക്ട്രോണിക് സെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനം തുടങ്ങി. പൂനൂർപ്പുഴയിൽ പടനിലം പാലത്തിനു സമീപവും ഇരുവഞ്ഞിപ്പുഴയിൽ പാഴൂരും കുറ്റ്യാടിപ്പുഴയിലും ചാലിയാറിലുമാണ് സെൻസറുകൾ സ്ഥാപിക്കുക.

പുഴയോരങ്ങളിൽ സ്ഥാപിക്കുന്ന സെൻസർ പുഴയിലെ ജലനിരപ്പ് രേഖപ്പെടുത്തും. നിശ്ചിത അളവിലും ഉയർന്നാൽ എൻഐടിയിലെ സെർവറിലേക്ക് അപകട മുന്നറിയിപ്പ് നൽകുകയും ഇത് ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട അധികൃതർക്കും കൈമാറുകയും ചെയ്യും. പുഴയിൽ സ്ഥാപിക്കുന്ന സെൻസറിനു വൈദ്യുതി ലഭ്യമാക്കാൻ സൗരോർജ പാനൽ, മൈക്രോ ചിപ്പ്, സിം കാർഡ് തുടങ്ങിയവ ഉണ്ടാകും. പദ്ധതി യാഥാർഥ്യമായാൽ പ്രളയം മൂലം വീടുകളും സ്ഥാപനങ്ങളും റോഡുകളും വെള്ളത്തിലാകുന്ന പുഴയോര മേഖലകളിൽ അപകട മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടത്തിന് വേഗം ഒഴിപ്പിക്കൽ നടപടികൾ അടക്കം ഏകോപിപ്പിക്കാൻ കഴിയും.

Description: Electronic sensors to warn of dangerously high water levels; Sensors are being installed on 4 river banks of the district including Kuttyadippuzha