ബില്ലടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് സന്ദേശം, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പണം പോകും; കെ.എസ്.ഇ.ബിയുടെ പേരിലുള്ള വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാവല്ലേ…


കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് വ്യാപകമായി വ്യാജസന്ദേശങ്ങള്‍ വരുന്നതായി പരാതി. ബില്ലടക്കാത്തതിനാല്‍ വൈദ്യുതി ഉടന്‍ വിച്ഛേദിക്കുമെന്ന തരത്തിലാണ് ഫോണില്‍ സന്ദേശം വരുന്നത്. പണംതട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് തട്ടിപ്പ് മെസേജുകള്‍ ഫോണിലെത്തുന്നത്. കുടിശികയടക്കാത്തതിനാല്‍ വൈദ്യുതി ഇന്ന് രാത്രി വിച്ഛേദിക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വരുന്നത്. മെസേജ് വന്ന നമ്പറിലേക്ക് വിളിച്ചാല്‍ കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തും.

കണ്‍സ്യൂമര്‍ നമ്പറും ബില്‍ തുകയും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കാതെയുള്ള എസ്.എം.എസ് ആണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ളത്. തട്ടിപ്പിനെപ്പറ്റി അറിയാതെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്‍വര്‍ഷങ്ങളിലും സമാനമായമായ രീതിയിലുള്ള എസ് എം എസുകള്‍ പ്രചരിച്ചിരുന്നു.

വാസ്തവം

ബില്‍ കുടിശ്ശിക വരുത്തിയവരുടെ വൈദ്യുതി ബന്ധം രാത്രി വിച്ഛേദിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന എസ്.എം.എസ്. സന്ദേശം വ്യാജമാണ്. കെ.എസ്.ഇ.ബി. ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ല. ബില്‍ അടയ്ക്കുന്നതിനുള്ള സന്ദേശങ്ങളില്‍ ഉപഭോക്താവിന്റെ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയവ ഉള്‍പ്പെടുത്താറുണ്ട്. കുടിശ്ശിക വരുത്തുന്നവര്‍ക്കുള്ള വൈദ്യുതിബന്ധം കെ.എസ്.ഇ.ബി രാത്രികാലങ്ങളില്‍ വിച്ഛേദിക്കാറില്ല. തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ കരുതിയിരിക്കണമെന്നും ബോര്‍ഡ് അറിയിച്ചു.

summery: electricity will be cut if the bill not paid do not get fooled by fake news in the name of kseb