ആധാറും വോട്ടര്‍ ഐഡിയും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ആധാറും വോട്ടര്‍ ഐഡിയും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടിലേക്ക് നീങ്ങാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന ആഭ്യന്തര നിയമമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം വന്നേക്കും. വോട്ടര്‍ നമ്പര്‍ ഇരട്ടിപ്പ് പരാതിയില്‍ ചൊവ്വാഴ്ചയാണ് ആണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ ക്രമക്കേട് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഇനി പരാതികള്‍ ഉയരാതിരിക്കാനാണ് നീക്കം. 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അറിയിച്ചു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം.

ചൊവ്വാഴ്ചത്തെ യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സിഇഒ തുടങ്ങിയവര്‍ പങ്കെടുക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കും. മൂന്നു മാസത്തിനുള്ളില്‍ പരാതി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നീക്കം. ഉടന്‍ തെരഞ്ഞൈടുപ്പ് നടക്കുന്ന ബിഹാറിനു മുന്‍ഗണന നല്‍കുമോയെന്ന കാര്യം വ്യക്തമല്ല.
Description: Election Commission takes stand on mandatory linking of Aadhaar and voter ID