എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു, മജിസ്‌ട്രേറ്റ് പ്രതിയെ കണ്ടത് ആശുപത്രിയിലെത്തി


കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീ വെച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഈ മാസം 28 വരെയാണ് പ്രതിയെ റിമാന്റ് ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലെത്തിയാണ് മജിസ്‌ട്രേറ്റ് ഷാരൂഖിനെ കണ്ടത്. കോടതിയിലെത്തിച്ച് ഹാജരാക്കാന്‍ കഴിയാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് പ്രതിയെ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി കണ്ടത്.

അതേസമയം ഷാരൂഖിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയാണ്. നേരത്തേ ഷാരൂഖിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. രാവിലെ നടത്തിയ രക്തപരിശോധനയെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, ഷാരൂഖ് സൈഫിയെ സംബന്ധിച്ച അന്വേഷണം ഡല്‍ഹിയിലും പുരോഗമിക്കുകയാണ്.ഇയാളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഷാരൂഖിന് ഒപ്പം ട്രെയിന്‍ ടിക്കറ്റ് എടുത്തവരെ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. ഷാരൂഖിന് മറ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ഇപ്പോഴും അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ട്.

ഷാരൂഖ് ഒറ്റയ്ക്ക് കേരളത്തിലേക്ക് പോകില്ലെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്. ഷാരൂഖിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാരാഷ്ട്ര എടിഎസ് സംഘവും ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.