എലത്തൂർ ഇന്ധന ചോർച്ച; എച്ച്പിസിഎല്ലിൻ്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കലക്ടർ
കോഴിക്കോട്: എലത്തൂർ ഇന്ധന ചോർച്ചയിൽ എച്ച് പി സി എല്ലിൻ്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ. എച്ച് പി സി എല്ലിലെ മെക്കാനിക്കൽ & ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപെട്ടതാണ് ചോർച്ചയ്ക്ക് കാരണം. ഒഴിവായത് വലിയ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. ഫാക്‌ടറീസ് നിയമം പ്രകാരം എച്ച് പി സി എല്ലിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഡീസൽ ചോർന്ന് ജലാശയങ്ങൾ മലിനമായിട്ടുണ്ട്. മുംബൈയിൽ നിന്ന് കെമിക്കൽ കൊണ്ടുവന്ന് ജലാശയം വൃത്തിയാക്കും. എല്ലാം ശുചീകരിക്കാൻ അതിവേഗ നടപടി സ്വീകരിക്കും. മണ്ണിൽ കലർന്നിടത്തും ഉടൻ വൃത്തിയാക്കുമെന്നും കലക്ടർ അറിയിച്ചു. നാട്ടുകാരുടെ സഹകരണം ഉറപ്പാക്കുമെന്നും കളക്ടർ പറഞ്ഞു.