എലത്തൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്


എലത്തൂര്‍: എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തില്‍ ബസ് യാത്രികര്‍ക്കും ലോറി ജീവനക്കാര്‍ക്കും പരിക്ക്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം.

കണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് മറിഞ്ഞത്. എലത്തൂരിലെ പെട്രോള്‍ പമ്പിലേക്ക് ലോറി തിരിയുന്നതിനെ ബസ് മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ആംബുലന്‍സിനും മറ്റ് വാഹനങ്ങളിലുമായി കോഴിക്കോട്ടെ ആശുപത്രികളിലേക്ക് മാറ്റി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.