അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും നോക്കിനിന്നില്ല, ഗ്ലാസ് പൊളിച്ചും ബസ് തകര്‍ത്തും പതിനഞ്ച് മിനിറ്റിനുള്ളില്‍ എല്ലാവരേയും പുറത്തിറക്കി; എലത്തൂരിലെ അപകടത്തിന്റെ ദൃക്‌സാക്ഷിയായ ബസ് ഡ്രൈവര്‍ പറയുന്നു


കൊയിലാണ്ടി: വലിയൊരു അപകടം കണ്‍മുന്നില്‍ കണ്ടതിന്റെ നടുക്കത്തിലാണ് മേപ്പയ്യൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സവേര ബസിന്റെ ഡ്രൈവറായ രഞ്ജിത്ത് കോയേരി. എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം അപകടം നടന്ന സമയത്ത് രഞ്ജിത്ത് ഓടിച്ചിരുന്ന ബസിന്റെ തൊട്ടുമുന്നിലാണ് അപകടത്തില്‍പ്പെട്ട ബസ് മറിഞ്ഞുവീണത്.

രാവിലെ 7.45നാണ് അപകടം നടന്നത്. ലോറിക്ക് തട്ടി ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്ന് രഞ്ജിത്ത് വടകര ‍‍ഡോട് ന്യൂസിനോട് പറഞ്ഞു. ”ബസ് മറിഞ്ഞ് നിന്നത് എന്റെ ബസിന്റെ മുന്നിലായിരുന്നു. മറിഞ്ഞതിന് പിന്നാലെ ബസ് ഓഫായിരുന്നില്ല. വാഹനത്തില്‍ നിന്നും പുകയുയരുന്നുണ്ടായിരുന്നു. ഞാനും ബസിലെ കണ്ടക്ടര്‍ ബിജു പ്രശാന്തും യാത്രക്കാരും സമീപത്തുണ്ടായിരുന്ന രണ്ട് സിറ്റി ബസ് ഡ്രൈവര്‍മാരും ഉടനെ അവിടെയെത്തി. മറ്റൊന്നും ആലോചിക്കാതെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും നോക്കിനിന്നില്ല. ബസിന്റെ ഗ്ലാസ് തകര്‍ത്തും പിറകിലെ ഗ്ലാസ് നീക്കിയും വേഗം തന്നെ ആളുകളെ പുറത്തെടുത്തു. വിദ്യാര്‍ഥികളടക്കം അറുപതോളം പേരുണ്ടായിരുന്നു ബസില്‍. പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാവരേയും പുറത്തെടുക്കാന്‍ കഴിഞ്ഞു.”

” 40ലേറെ പേരെ ഞാന്‍ ഓടിച്ച ബസിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. സംഭവസ്ഥലത്തെത്തിയ സി.ബി.ടി ബസിലെ ഡ്രൈവര്‍ ലാലു ട്രിപ്പ് ഒഴിവാക്കി ഞങ്ങള്‍ക്കൊപ്പം സഹായത്തിനുവന്നു. ഞങ്ങളുടെ ബസിന് തൊട്ടുമുന്നില്‍ പോയ പൊലീസ് ജീപ്പില്‍ പരിക്കേറ്റ രണ്ടുമൂന്ന് പേരുണ്ടായിരുന്നു. മറ്റൊരു ഇന്നോവയിലും കുറച്ചുപേരെ കൊണ്ടുപോയി. അവിടെയെത്തിയ വാഹനങ്ങളിലുള്ളവരെല്ലാം തന്നെ വ്യക്തിപരമായ പല തിരക്കുകളും മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിലും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും പങ്കാളികളായി. എട്ടരയ്ക്ക് മുമ്പായി തന്നെ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലെത്തിച്ചു.” രഞ്ജിത്ത് പറഞ്ഞു.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് മറിഞ്ഞത്. എലത്തൂരിലെ പെട്രോള്‍ പമ്പിലേക്ക് ലോറി തിരിയുന്നതിനെ ബസ് മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.