രൂപമാറ്റംവരുത്തിയ ബൈക്കുകളിൽ കറങ്ങി, കോഴിക്കോട്ട് സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് എട്ട് ആഡംബര ബൈക്കുകൾ; രജിസ്ട്രേഷൻ റദ്ധാക്കാൻ നിർദേശം


കോഴിക്കോട്: സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ നമ്പർ പ്ലേറ്റ് മാറാൻ സാധിക്കുന്ന തരത്തിൽ രൂപമാറ്റംവരുത്തിയ ബൈക്കുകൾ പിടികൂടാൻ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടിയിലായത് എട്ട് ആഡംബര ബൈക്കുകൾ. പിടികൂടിയ ബൈക്കുകളുടെ രജിസ്ട്രേഷൻ റദ്ദാക്കാനായി ആവശ്യപ്പെട്ട് മോട്ടോർവാഹനവകുപ്പിന് ട്രാഫിക് പോലീസ് റിപ്പോർട്ട് നൽകി.

കുറ്റ‍കൃത്യങ്ങൾ ചെയ്യുന്നതിനായാണ് ഇത്തരത്തിൽ ബൈക്കുകൾ രൂപമാറ്റം വരുത്താറുള്ളതെന്ന് ട്രാഫിക് ഇൻസ്പെക്ടർ എൽ. സുരേഷ് ബാബു പറഞ്ഞു. പിടികൂടിയ ബൈക്കുകളുടെ ഉടമസ്ഥരുടെയും യാത്രചെയ്തവരുടെയും വിവരങ്ങൾ ശേഖരിക്കാനും ഇവർ മുൻകാലങ്ങളിൽ ഏതെങ്കിലും തരത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നകാര്യം പരിശോധിക്കുന്നതിനായും സിറ്റി സ്പെഷ്യൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

രാത്രിസമയങ്ങളിൽ നിരത്തുകളിൽ ബൈക്കുമായി അഭ്യാസങ്ങൾ നടത്തുന്നത് സ്ഥിരംസംഭവമായി മാറിയിട്ടുണ്ട്. പോലീസ് എത്തുമ്പോഴേക്കും നമ്പർപ്ലേറ്റുകൾ മറച്ച് സ്പീഡിൽ ഓടിച്ചുപോകുന്നതാണ് പതിവ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. ജോൺസന്റെ നിർദേശപ്രകാരം പരിശോധന കർശനമാക്കുന്നത്.

Summary: Eight modified bikes were seized in Kozhikode special drive