വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയപെരുന്നാള്‍; പേരാമ്പ്രയിലെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് തുടക്കമായി


പേരാമ്പ്ര: മുപ്പത് ദിവസം നീണ്ട വ്രത ശുദ്ധിയുടെ നിറവില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വീടുകളില്‍ മൈലാഞ്ചിയും പാട്ടും പലഹാരവുമെല്ലാമായി സ്ത്രീകളും കുട്ടികളും ആഘോഷത്തിമിര്‍പ്പിലാണ്. സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയുമെന്ന നന്മ ഉയര്‍ത്തിപ്പിടിച്ച് ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ്മയിലാണ് ആഘോഷങ്ങള്‍. പള്ളികളിലും ഈദ് ഗാഹുകളിലും ഇന്ന് പ്രത്യേക പെരുന്നാള്‍ നിസ്‌കാരം നടക്കും. പേരാമ്പ്രയില്‍ ചെറിയ പെരുന്നാളിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ഈദ് നമസ്‌കാരങ്ങള്‍ക്ക് തുടക്കമായി.

പേരാമ്പ്ര ടാക്‌സി സ്റ്റാന്‍ഡില്‍ നടക്കുന്ന ഈദ് ഗാഹിന് ജൗഹര്‍ അയനിക്കോട് നേതൃത്വം നല്‍കും. പാലേരി ടൗണില്‍ റസാഖ് പാലേരിയും കാടിയങ്ങട് പാലം സലാഹുദ്ദീന്‍ സലാഹിയും കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ ശുക്കൂര്‍ സ്വലാഹി ആലപ്പുഴയും വേളം ശാന്തിനഗറില്‍ ഇ ബഷീര്‍ മാസ്റ്ററും പാലേരി പാറക്കടവ് മദ്‌റസക്കു സമീപം ഫൈസല്‍ പൈങ്ങോട്ടായിയും ദേവര്‍കോവില്‍ അക്വിഡേറ്റിനു സമീപം സഈദ് തളിയിലും അടുക്കത്ത് ഖുര്‍ ടര്‍ഫില്‍ നാസര്‍ മൗലവി വാണിമേലും അടുക്കത്ത് മസ്ജിദുറഹ്മക്ക് സമീപം വി.എം ലുഖ്മാനും ഈദ് ഗാഹുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം വിശ്വാസികള്‍ പങ്കുവയ്ക്കും.

എല്ലാ വായനക്കാര്‍ക്കും പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ ചെറിയപെരുന്നാള്‍ ആശംസകള്‍.