ബക്രീദ് അവധി; ജൂണ്‍ 29 ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ച് സര്‍വകലാശാലകള്‍


കൊയിലാണ്ടി: ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി വിവിധ സര്‍വകലാശാലകള്‍ അറിയിച്ചു. കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസർവകലാശാലകളാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.

കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ജൂണ്‍ 30, ജൂലൈ 3, 5, 12 തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റിന്റേത് ജൂലൈ ആറ്, ഓ​ഗസ്റ്റ് ഏഴ് എന്നീ തിയതികളിലേക്കും കാലടി, ആരോ​ഗ്യ സർവകലാശാലകളിലെ പരീക്ഷ ജൂലൈ മൂന്നിലേക്കുമാണ് മാറ്റിയത്. ജൂൺ 29 ന് കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എൽഎൽബി ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 30, ജൂലൈ ഏഴ്, 11 തിയതികളിൽ നടക്കും. എംജി, കൊച്ചി സർവകലാശാലകൾ പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. റേഷൻ കടകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ എന്നിവ ഇന്ന് തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും നാളെ അവധിയാണ്. മാവേലി സ്റ്റോറുകൾക്ക് ഇന്നും നാളെയും അവധിയാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അവധിക്കാല പട്ടിക പ്രകാരം ബക്രീദ് പ്രമാണിച്ച് മഹാരാഷ്ട്ര, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിൽ ജൂൺ 28 ന് ബാങ്കുകള്‍ക്ക് അവധിയാണ്. മഹാരാഷ്ട്ര, സിക്കിം, ഒറീസ, കേരളം എന്നിവിടങ്ങളിൽ ജൂൺ 29 ന് ബാങ്കുകൾ അടച്ചിട്ടില്ല.