പരസ്പരം ആശംസയർപ്പിച്ചും സന്തോഷം പങ്കിട്ടും വിശ്വാസികൾ; ബലി പെരുന്നാൾ ആഘോഷമാക്കി പേരാമ്പ്രക്കാർ
പേരാമ്പ്ര: പള്ളികളിലേക്കും ഈദ്ഗാഹിടങ്ങളിലുമെല്ലാം വിശ്വാസികളുടെ ഒഴുക്കായിരുന്നു രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായത്. നിയന്ത്രണങ്ങളില്ലാതെ പഴയപടി അവർ വിശ്വാസകർമ്മങ്ങളിലേർപ്പെട്ടു. പരസ്പരം ആശംസയർപ്പിച്ചും സന്തോഷം പങ്കിട്ടും ബലി പെരുന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് പേരാമ്പ്രയിലെ വിശ്വാസികളും. മഴ വില്ലനായി നിന്നെങ്കിലും പള്ളിയിൽ പോകുന്നതിനോ ബന്ധുവീടുകളിൽ സന്ദർശനം നടത്തുന്നതിനോ പേരാമ്പ്രക്കാർ കുറവു വരുത്തിയില്ല.
പ്രവാചകനായ ഇബ്രാഹിം നബി ദൈവകല്‍പന മാനിച്ച് സ്വന്തം മകനെ ബലിയർപ്പിക്കാന്‍ തുനിഞ്ഞതിന്‍റെ ഓർമ പുതുക്കിയാണ് വിശ്വാസസമൂഹം ബലി പെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്. സഹനത്തിന്റേയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും പുണ്യദിനം കൂടിയാണ് ബലിപെരുന്നാള്‍.
പുത്തനുടുപ്പണിഞ്ഞ് രാവിലെ മുതൽ പള്ളികളിലേക്ക് വിശ്വാസികൾ എത്തിതുടങ്ങി. പേരാമ്പ്ര മേഖലയിലെ ഇരുപതോളം പള്ളികളിലാണ് പെരുന്നാൾ നമസ്ക്കാരമുണ്ടായിരുന്നത്. രാവിലെ ഏഴ് മണിമുതൽ പള്ളികളിൽ പെരുന്നാൾ നമസ്ക്കാരം ആരംഭിച്ചിരുന്നു. കാലവർഷം ശക്തമായതിനാൽ പേരാമ്പ്രയിൽ ഇത്തവണ ഈദഗാഹ് ഉണ്ടായിരുന്നില്ല.
രാവിലത്തെ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം വലിയപെരുന്നാള്‍ ആഘോഷത്തിലേക്ക് വിശ്വാസികള്‍ കടന്നു. പുതു വസ്ത്രമണിഞ്ഞുള്ള കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധു വീടുകളിലെ സമാഗമങ്ങളുമാണ് ഈ ദിവസത്തെ ആഘോഷമാക്കി മാറ്റി. ഇടയ്ക്കിടെ പെയ്യുന്ന മഴയെ അവഗണിച്ച് ബലി പെരുന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് വിശ്വാസികൾ.