മുടികൊഴിച്ചില്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ? മുടി തഴച്ച് വളരാന്‍ ഉപയോഗിക്കാം മുട്ട കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍


മുടികൊഴിച്ചിൽ , താരൻ എന്നിവ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം മുടിയിലെ പ്രോട്ടീൻ, നാച്വറൽ ഓയിൽസ് എന്നിവ നഷ്ടപ്പെടുന്നുണ്ട്. മുടിയുടെ പലവിധ പ്രശ്നങ്ങൾ അകറ്റാനും മുടി നന്നായി തഴച്ച് വളരാനും വളരെ പണ്ട് തൊട്ടേ ഉപയോഗിച്ച് വരുന്ന ഒന്നാണ് മുട്ട. മുടിയുടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ മുട്ട സഹായിക്കും. പ്രോട്ടീൻ, ബയോട്ടിൻ തുടങ്ങിയവ മുട്ടയിൽ അടങ്ങിയിരിക്കുന്നതിനാൽ ഇവ മുടിയുടെ ആരോഗ്യവും ഭംഗിയും വീണ്ടെടുക്കാൻ സഹായിക്കും. ഇത് കൂടാതെ ശിരോചർമ്മത്തിലെ സ്വാഭാവിക എണ്ണ നിലനിർത്താനും മുടി പൊട്ടൽ കുറയ്ക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ട ഗുണകരമാണ്.

ചർമ്മത്തെ പോലെ തന്നെ മുടിക്കും നല്ല പരിചരണവും ശ്രദ്ധയും ആവശ്യമാണ്. പരിസ്ഥിതി മലിനീകരണം, ദോഷകരമായ വിഷവസ്തുക്കൾ എന്നിവയുമായി സമ്പർക്കം കൂടുന്നത് മുടിയിലെ സ്വാഭാവിക എണ്ണകളും പ്രോട്ടീനുകളും നീക്കം ചെയ്യുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. മുട്ട ആത്യന്തികമായ സൗകര്യപ്രദമായ ഭക്ഷണമാണ്, എന്നാൽ ഈ സൂപ്പർഫുഡ് നിങ്ങളുടെ മുടിക്ക് ധാരാളം ഗുണങ്ങൾ നൽകുന്നു എന്ന കാര്യം നിങ്ങൾക്കറിയാമോ? അവശ്യ വിറ്റാമിനുകളും ധാതുക്കളും – ബയോട്ടിൻ, വിറ്റാമിൻ എ, ബി, ഡി, ഇ, കെ, സെലിനിയം, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് മുട്ട. മുട്ട മാസ്‌കുകൾ നിങ്ങളുടെ മുടിയുടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിനും ഉള്ളിൽ നിന്ന് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

പ്രോട്ടീന്റെയും ബയോട്ടിന്റെയും ഗുണം കൊണ്ട്, മുട്ടയ്ക്ക് മുടിക്ക് ആവശ്യമായ പോഷണം നൽകാനും കേടുപാടുകൾ സംഭവിച്ച മുടിയിഴകൾക്ക് തിളക്കം നൽകാനും കഴിയും. വേരിൽ നിന്ന് ശിരോചർമ്മത്തെ ശക്തിപ്പെടുത്തുന്നതിലൂടെ മുടി പൊട്ടുന്നത് തടയാനും മുട്ടയ്ക്ക് കഴിയും, അതുവഴി മുടിയുടെ വളർച്ചയെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. മുട്ട ഹെയർ മാസ്‌കുകൾക്ക് നിങ്ങളുടെ മുടിയുടെ എല്ലാ പ്രശ്‌നങ്ങളും അകറ്റി നിർത്താനും മുടിയുടെ അളവും തിളക്കവും വർദ്ധിപ്പിക്കാനും കഴിയും. മാത്രമല്ല, മുട്ടകൾ എളുപ്പത്തിൽ ലഭ്യമാണ് എന്നതാണ് ഏറ്റവും നല്ല കാര്യം.

മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ എന്നിവ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ശിരോചർമത്തിലെ എണ്ണമയം നിലനിർത്തി, മുടി കണ്ടീഷൻ ചെയ്ത്, മുടി കൊഴിച്ചിലും പൊട്ടലും കുറയാൻ ഇതു വഴിയൊരുക്കുന്നു. പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകകൾ…

മുട്ടയും കറ്റാര്‍വാഴ ജെല്ലും

രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ടയുടെ വെള്ള, 4 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്തെടുക്കുക. ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചൂടാക്കി ഇതിലേക്ക് ചേർക്കാം. ഇതു മുടിയിൽ മുഴുവനായി പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

മുട്ടയും തൈരും

മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് തെെര് കൊണ്ടുള്ള ഹെയർ പാക്ക്. തൈരിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ താരൻ അകറ്റുകയും, നാച്വറൽ കണ്ടീഷനർ ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. ഒരു മുട്ട നന്നായി പതപ്പിച്ചശേഷം അതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ തൈര്, 1 ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

തേനും മുട്ടയും

ഒരു മുട്ടയും ഒരു ടേബിൾ സ്പൂൺ തേനും ഒരുമിച്ച് കലർത്തുക. ഈ മിശ്രിതം തലയിൽ പുരട്ടി മസാജ് ചെയ്യുക, ശേഷം മുടി നന്നായി കഴുകുക. ഇത് വരണ്ട മുടിയുടെ പ്രശ്നങ്ങൾ അകറ്റി, മുടിക്ക് ആവശ്യമായ ഈർപ്പം പകരുന്നു.

മുട്ട, തേങ്ങാപ്പാൽ, ഉലുവ

ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ തേങ്ങാപ്പാൽ, ഒരു ടീസ്പൂൺ ഉലുവ പൊടി എന്നിവ ഒരുമിച്ച് കലർത്തി യോജിപ്പിച്ച ശേഷം ഈ മിശ്രിതം തലയിൽ പുരട്ടി കഴുകുക. ഇത് മുടിക്ക് ശക്തി പകരുന്നതാണ്.

താരൻ അകറ്റാൻ മുട്ട വെള്ളയും നാരങ്ങാനീരും

ഒരു മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ നാരങ്ങാനീരും ഒരുമിച്ച് ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് തലയിൽ പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം തല വൃത്തിയായി കഴുകുക. ഇത് നിങ്ങൾക്ക് താരനിൽ നിന്ന് മോചനമേകാൻ സഹായിക്കുന്നതാണ്.

മുടി വളരാൻ മുട്ട വെള്ളയും ആവണക്കെണ്ണയും

മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ ആവണക്കെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുടിയുടെ വേരുകളിൽ പുരട്ടി കഴുകുക. ഇത് മുടിക്ക് പോഷണം പകരുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വാഴപ്പഴം, മുട്ട, ഒലിവ് എണ്ണ

ഒരു വാഴപ്പഴം ഉടച്ചത്, ഒരു മുട്ട, ഒരു ടീസ്പൂൺ ഒലീവ് എണ്ണ എന്നിവ ഒരുമിച്ച് ചേർത്ത്, ശിരോചർമ്മത്തിലും മുടിയിലും തേച്ച് പിടിപ്പിക്കുക. ശേഷം, മുടി നന്നായി കഴുകി വൃത്തിയാക്കുക. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയുകയും മുടിയുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുട്ട ചേർത്ത ഹെയർ മാസ്ക് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ

* മുട്ട മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയ പ്രോട്ടീന്റെ പൂർണ്ണമായ ഉറവിടമാണ്.

* മുട്ടയുടെ വെള്ളയിൽ ഗുണം ചെയ്യുന്ന എൻസൈമുകളും സെബവും അടങ്ങിയിട്ടുണ്ട്, ഇത് ബാക്ടീരിയയുടെ വളർച്ചയെ ചെറുക്കുകയും മുടിയുടെ ശുചിത്വം നിലനിർത്തുകയും ചെയ്യുന്നു.

* മുട്ട ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമായതിനാൽ വരൾച്ചയും അടരുകളുമെല്ലാം അകറ്റാൻ സഹായിക്കുന്നു.

* ആൻറി ഓക്സിഡന്റുകളുടെ ഒരു കലവറ തന്നെയായ മുട്ടകൾ ശിരോചർമ്മത്തിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിനും ആരോഗ്യമുള്ള മുടിയിഴകളെ നശിപ്പിക്കുന്നതിൽ നിന്ന് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും ഗുണകരമായി പ്രവർത്തിക്കുന്നു.

* മുട്ടകളിൽ വലിയ അളവിൽ അടങ്ങിയ എ, ബി, സി, ഡി, ഇ തുടങ്ങിയ വിറ്റാമിനുകളുടെ ശേഖരം മുടി കൊഴിച്ചിൽ ഒഴിവാക്കുകയും രോമകൂപങ്ങളെ നവീകരിക്കുകയും ചെയ്യുന്നു

* ലെസിത്തിൻ അടങ്ങിയ മുട്ടയുടെ മഞ്ഞക്കരു സ്വാഭാവികമായും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും

* മുട്ടയിൽ ധാരാളം ബി വിറ്റാമിനുകളായ ബി 1, ബി 2, ബി 5, വിറ്റാമിൻ ബി 7 എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഏറ്റവും ആവശ്യമാണ്.

* സിങ്ക്, ചെമ്പ്, ഇരുമ്പ്, സെലിനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയ മുട്ടകൾ മുടിയുടെ അളവ് കൂട്ടുന്നു.