30 ശതമാനം മാർക്കെങ്കിലും കിട്ടിയാലേ ജയിക്കൂ എന്ന വ്യവസ്ഥ; ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പിന്തുണ ക്ലാസുമായി വിദ്യാഭ്യാസവകുപ്പ്
കോട്ടയം: ഹൈസ്കൂൾ ക്ലാസുകളിൽ ഒരു വിഷയത്തിന് 30 ശതമാനം മാർക്കെങ്കിലും കിട്ടിയാലേ ജയിക്കൂ എന്ന വ്യവസ്ഥ ഏർപ്പെടുത്തിയതോടെ, പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെയും മുന്നിലെത്തിക്കാൻ പിന്തുണ ക്ലാസുമായി വിദ്യാഭ്യാസവകുപ്പ്. എട്ടാം ക്ലാസിൽ നിന്ന് ജയിച്ച് ഒൻപതിലേക്ക് കടക്കുന്ന വിദ്യാർഥികൾക്കായാണ് ഈ വേനലവധിക്ക് പഠന പിന്തുണ ക്ലാസ് ഒരുക്കുന്നത്. എല്ലാ വിദ്യാർഥികളെയും മിനിമം മാർക്ക് നേടാൻ പ്രാപ്തരാക്കുക എന്നതാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്.
വാർഷിക പരീക്ഷയുടെ ഫലം ഏപ്രിൽ അഞ്ചിനുള്ളിൽ പ്രസിദ്ധീകരിക്കും. മിനിമം 30 ശതമാനം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികളെ ഏപ്രിൽ എട്ടു മുതൽ 24 വരെ നടത്തുന്ന പഠന പിന്തുണ ക്ലാസിൽ പങ്കെടുപ്പിക്കും. വേനലവധിക്ക് വെക്കേഷൻ ക്ലാസുകൾപോലും നടത്താൻ പാടില്ലെന്ന നിർദേശമുള്ളതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം 10 മുതൽ 12 വരെ മാത്രമാണ് ക്ലാസ്. തുടർന്ന് ഇവർക്കായി പരീക്ഷ നടത്തും.

ആ പരീക്ഷയിലും എല്ലാവിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികളെയും ഒൻപതിലേക്ക് പ്രവേശിപ്പിച്ച് അധ്യയന വർഷം ആരംഭിക്കുന്ന ആദ്യ ആഴ്ചകളിൽ ഇവർക്കുമാത്രമായി രണ്ടാഴ്ചത്തെ പിന്തുണ ക്ലാസ് നൽകും. ഇത്തരം പ്രവർത്തനങ്ങളും മൂല്യനിർണയവും കൃത്യമാണെന്ന് വകുപ്പ് മേലധികാരികൾ പരിശോധിച്ച് ഉറപ്പാക്കും.