പൊതുപരീക്ഷയെ ധൈര്യപൂര്‍വ്വം ആഭിമുഖീകരിക്കാം; എസ്.എസി.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി എക്‌സാം ഫോക്കസ് പഠന സെമിനാറുമായി എടവരാട് സംഗമം കലാകായിക വേദി


എടവരാട്: എടവരാട് സംഗമം കലാകായിക വേദി പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന എസ്.എസി.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി എക്‌സാം ഫോക്കസ് പഠന സെമിനാര്‍ സംഘടിപ്പിച്ചു. പ്രദേശത്തെ സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ 25 വര്‍ഷത്തോളമായി നേതൃത്വം കൊടുക്കുന്ന കലാകായിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന എസ്.എസി.എല്‍.സി, +2 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഭയമകറ്റുന്നതിനും മികച്ച സ്‌കോര്‍ നേടുന്നതിനുമായാണ് എക്‌സാം ഫോക്കസ് എന്ന പേരില്‍ ഏകദിന സെമിനാര്‍. സാമൂഹ്യ സുരക്ഷാ മിഷന്റെ മുന്‍ സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററും, കുട്ടികള്‍ – ഫാമിലി കൗണ്‍സലിംഗ് മേഖലയിലെ വിദഗ്ധനും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിദ്യാഭ്യാസ പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന പ്രോജക്ട് ഹെഡും, നവ മാധ്യമ രംഗത്തെ പ്രശസ്തനുമായ ബൈജു ആയടത്തില്‍ ക്ലാസ് നയിച്ചു.

എടവരാട് എ.എം.എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഗമം കലാകായിക വേദി പ്രസിഡന്റ് സുമേഷ് താമഠം അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നും എക്‌സാം ഫോക്കസിന്റെ ഭാഗമായി ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതാണെന്ന് സെക്രട്ടറി ലിനീഷ് പി.എം. സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ജോ. സെക്രട്ടറി ശ്രീജേഷ് ഒ.എം. നന്ദിയും വൈസ് പ്രസിഡന്റ് സജിത്ത് സിഎം, ദേവനന്ദ, അനാമിക, കൃഷ്ണാഞ്ജന, അക്ഷയ, അനുഗ്രഹ എന്നിവര്‍ ആശംസകളും നേര്‍ന്നു.