എടച്ചേരിയിൽ കോൺഗ്രസ് നേതാവിനെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലവിളി പ്രസം​ഗം; കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ പോലിസ് കേസെടുത്തു


വടകര: എടച്ചേരിയിൽ കോൺഗ്രസ് നേതാവിനെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലവിളി പ്രസംഗത്തിൽ എടച്ചേരി പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് പോലിസ് കേസ് എടുത്തത്. എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് കുമാർ കണ്ടിയിലിനെതിരെ ആയിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസം​ഗം നടത്തിയത്. സംഘം ചേർന്ന് കൊലവിളി പ്രസം​ഗം നടത്തിയതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

പുഷ്പൻറെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു . കഴിഞ്ഞ മാസം 29-ന് രാത്രിയായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ നിജീഷ് കുമാറിന്റെ വീടിന് സമീപം പൊതുയോഗം ചേർന്ന് കൊലവിളി പ്രസംഗം നടത്തിയത്. നിജീഷ് ഇനി ഇരിക്കണോ കിടക്കണോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കും എന്നുൾപ്പടെ പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം. ഡിവൈഎഫ്ഐ നേതാക്കളുടെ പരാതിയിൽ നിജീഷിനെതിരെ കലാപാഹ്വാനത്തിന് നേരത്തെ പോലിസ് കേസെടുത്തിരുന്നു.