കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ പി ഹണ്ട്; വടകര എടച്ചേരി സ്വദേശി അറസ്റ്റിൽ


കോഴിക്കോട് : ജില്ലയിൽ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ വടകര എടച്ചേരി സ്വദേശി അറസ്റ്റിൽ. എടച്ചേരി ചെട്ടിയാംവീട്ടിൽ വിജിത്ത് (30)നെ ആണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹകരണത്തോടെ സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സൈബർസെല്ലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് വിജിത്തിന് പിടിവീണത്.

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കോവൂരിലെ ഹെയർ ട്രാൻസ്‌പ്ളാന്റേഷൻ ഷോപ്പിലെത്തിയ വിജിത്ത് പൊലീസ് വലയിലാകുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈലിൽ നിരവധി തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി. ആക്ട് 67 ബി പ്രകാരം ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മൊബൈലിലെ ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും പരിശോധിച്ചശേഷം ആവശ്യമെങ്കിൽ പോക്‌സോ കേസും ഉൾപ്പെടുത്തുമെന്ന് മെഡിക്കൽകോളേജ് പൊലീസ് അറിയിച്ചു.