ശുചി മുറി നിർമിക്കുന്നതിനായി വീട്ടുവളപ്പിലെ മണ്ണെടുത്തു; നൊച്ചാട് ചേനോളിയിൽ 2500 വർഷം പഴക്കമുള്ള ഗുഹ കണ്ടെത്തി


പേരാമ്പ്ര : നൊച്ചാട് പഞ്ചായത്തിലെ ചേനോളിയിൽ ഗുഹ കണ്ടെത്തി. ഒറ്റപ്പുരക്കൽ സുരേന്ദ്രന്റെ വീട്ടുപറമ്പിലാണ് ​ഗുഹ കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം.

വീടിനോട് ചേർന്ന് ശുചിമുറി നിർമ്മിക്കുന്നതിനായി മൂന്ന് ദിവസത്തോളമായി പണിക്കാർ മണ്ണെടുക്കുന്നുണ്ടായിരുന്നു. ഏകദേശം ഒന്നേകാൽ മീറ്റർ ആഴത്തിലെത്തിയപ്പോൾ ഒരു കരിങ്കൽ പാളി കണ്ടെന്നും ഈ പാളി നീക്കിയപ്പോഴാണ് വലിയ ചെങ്കല്ലറ കണ്ടെതെന്നും വീട്ടുടമ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഇതിന്റെ മുൻഭാഗത്തായി മൺകലങ്ങളും ഉണ്ടായിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതരെ ബന്ധപ്പെടുകയും പുരാവസ്തു വിഭാഗത്തെ വിവരം അറിയിക്കുകയും ആയിരുന്നു.

കോഴിക്കോട് നിന്നുള്ള പുരാവസ്തു വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. ​ ​ഗുഹയ്ക്ക് 2500 വർഷത്തെ പഴക്കമുണ്ടെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ​ ഗുഹയ്ക്കുള്ളിലേക്ക് കൂടുതലായി ഇറങ്ങി പരിശോധിക്കണം. കൂടുതൽ പുരാവസ്തുക്കൾ ഇതിനുള്ളിലുണ്ടോ എന്ന് കണ്ടെത്തണം ഇതിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ​