ഇ പോസ് തകരാർ; പല ജില്ലകളിലും റേഷന്‍ വിതരണം ഇന്നും തടസ്സപ്പെട്ടു
തിരുവനന്തപുരം: ഇ പോസ് മെഷീനിലെ സർവ്വർ തകരാറായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നും തടസ്സപ്പെട്ടു. ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ വിതരണം തടസ്സപ്പെടുന്നത്.
സംസ്ഥാനത്തെ 14,000ൽപരം റേഷൻ കടകളിലെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) യന്ത്രങ്ങളുടെ സാങ്കേതിക പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിർത്തുകകൂടി ചെയ്യുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമാവാനാണ് സാധ്യത. വിതരണ കരാറുകാരുടെ പണിമുടക്ക് തുടരുന്നതോടെ പല റേഷൻ കടകളിലും സാധനങ്ങൾക്കു ക്ഷാമം നേരിടുന്നതായും വിവരമുണ്ട്.
സാധനങ്ങൾ ഗോഡൗണുകളിൽ നിന്നെടുത്ത് റേഷൻ കടകളിൽ ‘വാതിൽപ്പടി’ വിതരണം നടത്തുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻഎഫ്എസ്എ) ജനുവരി ഒന്ന് മുതല്‍ പണിമുടക്കിലാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ പ്രശ്‌നം ഗുരുതരമാവാനാണ് സാധ്യത. സെപ്റ്റംബർ മുതലുള്ള ബിൽ തുക കുടിശികയായതോടെയാണ് എൻഎഫ്എസ്എ സമരം തുടങ്ങിയത്. റേഷൻ വ്യാപാരികളുടെ 4 സംഘടനകൾ ഉൾപ്പെടുന്ന റേഷൻ കോഓർഡിനേഷൻ സംയുക്ത സമിതി 27 മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
Description: E-Pos fault; Distribution of ration in many districts has been disrupted even today