വീടു കയറി കത്ത് കൈമാറി, വിറകിനും തേങ്ങയ്ക്കുമായി ഓടിയത് രാത്രിയിൽ; മേപ്പയ്യൂരിൽ ഡിവൈഎഫ്ഐയുടെ സ്നേഹസദ്യ ഉണ്ണാനെത്തിയത് നാലായിരത്തിലധികം പേർ


മേപ്പയ്യൂർ: സൗഹാർദ്ദത്തിന്റെ പുത്തൻ തലങ്ങൾ സൃഷ്ടിച്ച് അവർ സ്നേഹത്തിന്റെ സദ്യയൊരുക്കി, മഴ വില്ലനായെങ്കിലും മേപ്പയൂർ ടൗണിൽ ഡി.വെെ.എഫ്.ഐ ഒരുക്കിയ സദ്യയുണ്ണാനെത്തിയത് ആയിരങ്ങൾ. ഓണാഘോഷത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ മേപ്പയൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്യയൊരുക്കിയത്.

ജാതി-മത ഭേദമന്യേ കേരളീയ ഉത്സവമായ ഓണത്തെ ഏവരും ചേർന്ന് നെഞ്ചേറ്റിയപ്പോൾ ബസ് സ്റ്റാൻഡിലെ താത്ക്കാലികായി ഒരുക്കിയ ഷെഡിലേക്ക് ജനപ്രവാഹമായിരുന്നു. കണ്ടും കേട്ടറിഞ്ഞും എത്തിയവർ നിരവധി. പ്രതീക്ഷിച്ചതിലും ആളുകൾ എത്തിയപ്പോഴും ആവശ്യമായവ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു സം​ഘാകർ.

ചരിത്രത്തിന്റെ ഭാ​ഗമായ ഓണസദ്യയൊരുക്കാൻ സംഘാടകർക്ക് മൂന്ന് ദിനം മാത്രം മതിയായിരുന്നു. പരിപാടിയുടെ ക്ഷക്കത്ത് തലേ ദിവസമാണ് കിട്ടുന്നത്. യുവജന സ്ക്വാഡ് വീടു കയറി കത്ത് കൈമാറി ഓണസദ്യയ്ക്ക് ക്ഷണം തുടങ്ങി. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു മറ്റൊരും സംഘം. കറി ​ഗ്യാസിൽ വയ്ക്കാമെങ്കിലും ചോറിന് വിറക് വേണമെന്ന് ബോധ്യമായതോടെ രാത്രി തന്നെ വിറകിനായി തിരിച്ചു. വീട്ടുടമസ്ഥന്റെ ഉറക്കം പാതിയാക്കി ചേരിയും ചിരട്ടയുമൊക്കെ ശേഖരിച്ച് ഒന്നരയോടെ തിരികെയെത്തി. അരച്ച തേങ്ങയ്ക്കായി പോയതും രാത്രി തന്നെ, വീടും അരവു കേന്ദ്രവും സംഗമിച്ചിടം അങ്ങനെ ആശ്രയകേന്ദ്രമായി. രാവിലെ എട്ടോടെ എല്ലാം റെഡിയായി.

ഊട്ടുപുരയും പന്തലും തമ്മിൽ മുന്നൂറ് മീറ്റർ അകലമുണ്ട്. ഗുഡ്സ് വണ്ടിയിൽ സാധനങ്ങൾ കയറ്റി അവരത് പന്തലിലെത്തിച്ചു. നിരവധി തവണ വിളമ്പി കഴിഞ്ഞിട്ടും ആളനക്കം ഏറി വന്നു. ചോറിനായി നേരിയ കാത്തിരിപ്പ് വന്നെങ്കിലും ഇരിപ്പടത്തിൽ അലോസരമുയർന്നില്ല. വിശപ്പടക്കാൻ വേണ്ടിയായിരുന്നില്ല അവരെത്തിയത്. ഈ കൂട്ടായ്മയിൽ കണ്ണി ചേരാൻ കൂടിയായിരുന്നു. സ്റ്റാന്റിൽ എത്തിയ ബസ്സ് ജീവനക്കാർക്കും മോട്ടോർ തൊഴിലാളികൾക്കും മഹിളാ പ്രവർത്തകർക്കും സദ്യ പാർസലായി നൽകി. കിടപ്പു രോഗികളെയും അവർ മറന്നില്ല.

വിഭവ സമാഹരണത്തിലും പുതുമ പുലർത്തി, അരിയും പച്ചക്കറിയുമെല്ലാം അവരെ തേടിയെത്തി. പന്തലും പാത്രങ്ങളും ചെലവിനത്തിൽ പെട്ടില്ല. പരിപാടിക്കിടയിൽ പലരും സഹായ ഹസ്തവുമായി വന്നെങ്കിലും സ്നേഹപൂർവം അവരത് നിരസിച്ചു.

സംഘാടനമികവും സൗഹൃദവും ഇഴചേരുന്നതായിരുന്നു ഡി.വെെ.എഫ്.ഐയുടെ സ്നേഹസദ്യ. ജനപങ്കാളിത്തകൊണ്ട് ഓണം മത ചിഹ്നമല്ലെന്ന് വിളിച്ചോതുന്ന തരത്തിലാണ് പരിപാടി അവസാനിച്ചത്. നാലായിരത്തിലധികം പേരാണ് സ്നേഹസദ്യയുണ്ണാനെത്തിയത്.

സ്നേഹസദ്യ ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

Summary: Dyfi snehasadhya at meppayur