വയനാടിനെ ചേര്‍ത്ത്പ്പിടിച്ച്‌ ഡി.വൈ.എഫ്.ഐ; സ്‌നേഹവീടുകളുടെ നിര്‍മ്മാണത്തിനായി സ്വര്‍ണ്ണ മോതിരം നല്‍കി മുൻ സംസ്ഥാന കമ്മിറ്റി അംഗം


ഒഞ്ചിയം: ഉരുള്‍പൊട്ടലില്‍ വയനാട്ടിൽ വീടും കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ഡിവൈഎഫ്‌ഐ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മ്മാണത്തിനായി തന്റെ സ്വര്‍ണമോതിരം നല്‍കി ഒഞ്ചിയം സ്വദേശി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി ലേഖയാണ് അരപ്പവന്‍ വരുന്ന മോതിരം കൈമാറിയത്‌.

ജില്ലാ സെക്രട്ടറി പി.സി ഷൈജു മോതിരം ഏറ്റുവാങ്ങി. ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി കെ.ബബീഷ്, പ്രസിഡന്റ് കെ.പി ജിതേഷ്, ബ്ലോക്ക് എക്‌സിക്യൂട്ടിവ് അംഗം അതുല്‍ ബി മധു, ഒഞ്ചിയം മേഖലാ സെക്രട്ടറി എം.കെ മൃദുല്‍ എന്നിവര്‍ പങ്കെടുത്തു. നിലവില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ്‌ കെ.വി ലേഖ.

പാഴ്‌വസ്‌തുക്കൾ ശേഖരണം, മനുഷ്യാധ്വാനം, വിവിധ ചലഞ്ചുകൾ, ജേഴ്‌സി ലേലം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ആഭരണങ്ങൾ സംഭാവന, വിവിധ ചടങ്ങുകളിൽ നിന്ന് വിഹിതം സമാഹരിക്കൽ, പുസ്‌തക വിൽപ്പന, വഴിയോരക്കച്ചവടം, പലഹാര നിർമാണം, വിൽപ്പന എന്നിവ വഴിയാണ് ഡിവൈഎഫ് ഐ വീട് നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്തുന്നത്.