തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്


നാദാപുരം: തൂണേരിയില്‍ ഡിവൈഎഫ് പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്. ഷിബിൻ്റെ പിതാവ് ഭാസ്ക്കരൻ, പ്രോസിക്യൂഷൻ, ആക്രമണത്തിൽ പരുക്കേറ്റവർ എന്നിവരാണ് പ്രതികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചത്. തെളിവുകൾ പരിശോധിക്കാതെയും പരിഗണിക്കാതെയുമുള്ളതാണ് വിചാരണക്കോടതിയുടെ ഉത്തരവ് എന്നാണ് ഹർജിക്കാരുടെ വാദം. എരഞ്ഞിപ്പാലത്തെ സ്പെഷല്‍ അ‍‍ഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മൂന്ന് ഹർജികളിലാണ് ഇന്ന് വിധി പറയുക.

2015 ജനുവരി 28നാണ് വെള്ളൂരില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ 17 പേരായിരുന്നു കേസിലെ പ്രതികൾ. എന്നാല്‍ കേസില്‍ എല്ലാം പ്രതികളെയും വെറുതെ വിട്ടതായി 2016 മെയ് മാസത്തിലാണ് എരഞ്ഞിപ്പാലം അഢീഷണല്‍ സെക്ഷന്‍ കോടതിയുടെ വിധി വന്നത്. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നുവെന്നായിരുന്നു കോടതി വിധി.

തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍ (28), സഹോദരന്‍ മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കി താഴെകുനി സിദ്ദീഖ് (30), കൊച്ചന്‍റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസ്സമദ് -25), മനിയന്‍റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടേമ്മല്‍ നാസര്‍ (36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ (മുത്തു-25), എടാടില്‍ ഹസ്സന്‍ (24), വില്യാപ്പള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കള്ളേരിന്‍റവിട ഷഫീഖ് (26), പന്തീരാങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ലിയാര്‍ (52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി (അമ്മദ്-55) എന്നിവരെയാണ് കോടതി വെറുതെവിട്ടത്. പ്രതികളെ വെറുതെ
വിട്ടതിന് പിന്നാലെ കേസില്‍ കോടതിയില്‍ നിന്നും നീതി കിട്ടിയില്ലെന്ന് ഷിബിന്റെ പിതാവ് പ്രതികരിച്ചിരുന്നു.

Description: DYFI activist Shib’s murder case; ; The High Court verdict today