കാസർകോട് ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപ്പിടിച്ചു; നിരവധി പേർക്ക് പരിക്ക്; ചിലരുടെ നില ഗുരുതരം


കാസർകോട്: നീലേശ്വരം അഞ്ഞൂറ്റബലം വീരർകാവ് ക്ഷേത്രത്തിലെ തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപ്പിടിച്ച് അപകടം. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. രാത്രി 12 മണിയോടെയായിരുന്നു സംഭവം.

പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീണതാണ് തീപ്പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മുവാളംകുഴി ചാമുണ്ടി തെയ്യത്തിൻ്റെ കുളിച്ച്തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രി, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ചിലരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ വെടിക്കെട്ട് നടത്തുന്നതിന് ജില്ല ഭരണകൂടത്തിൻ്റെ അനുമതിയുണ്ടായിരുന്നില്ലെന്ന് കാസർകോട് ജില്ല കളക്ടർ പറഞ്ഞു. അനുമതിക്കായുള്ള അപേക്ഷ ലഭിച്ചിരുന്നില്ല. സംഘാടകർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

Summary: During the Kasaragod temple festival, the firework tower caught fire; Several people were injured; Some are in serious condition