കനാല്‍ പദ്ധതിയില്ലാത്തതിനാല്‍ വരണ്ടുണങ്ങി പാടങ്ങള്‍; കായണ്ണ, കോട്ടൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍ ദുരിതത്തില്‍


പേരാമ്പ്ര: കനാല്‍ സംവിധാനമായില്ല. വേനലായതോടെ കൃഷിചെയ്യാനാവാതെ പ്രതിസന്ധിയിലായി കര്‍ഷകര്‍. പേരാമ്പ്രയുടെ കിഴക്കന്‍ മലയോര മേഖലകളിലാണ് വേനലായതോടെ പാടങ്ങള്‍ വരണ്ടുണങ്ങാന്‍ തുടങ്ങിയിരിക്കുന്നത്. കിലോമീറ്റര്‍ ദൂരം വരുന്ന പാടങ്ങളാണ് ഇങ്ങനെ വേനല്‍ക്കാലത്ത് കൃഷിയിറക്കാനാവാതെ ഒഴിഞ്ഞു കിടക്കുന്നത്.

കായണ്ണ, കോട്ടൂര്‍ പഞ്ചായത്തുകളിലെ കുറ്റിവയല്‍, ചെറുക്കാട്, എരാമ്പോയില്‍, നരയംകുളം, വരപ്പുറത്തുതാഴവയല്‍, കാപ്പുമ്മല്‍, വെങ്ങിലോട്ട്, കല്പകശേരി കാളിയത്തു താഴം, കോളിക്കടവ് തുടങ്ങിയ പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് വയലേലകളിലാണ് വെള്ളമില്ലാതെ കൃഷികള്‍ മുടങ്ങുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഈ പ്രദേശങ്ങളിലേക്ക് കനാല്‍ പണിത് വെള്ളം എത്തിക്കുന്നതിനു വേണ്ട സൗകര്യം എത്രയും പെട്ടന്ന് നടപ്പാക്കിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.

വേനലാവുന്നതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്. നിരവധി കുടിവെള്ള സ്രോതസുകളും ഈ വയലിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. വയലുകള്‍ ഉണങ്ങിയാല്‍ ഇവ വറ്റും. വെള്ളം കിട്ടാത്തതു കാരണം കഴിഞ്ഞ കാലങ്ങളില്‍ വയല്‍ പറമ്പുകളായി മാറിയിരിക്കുന്നതായും കര്‍ഷകര്‍ പറഞ്ഞു. അവശേഷിക്കുന്ന വയലുകളെങ്കിലും നിലനിര്‍ത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

ജലസമൃദ്ധമായ മെയില്‍ കനാല്‍ കായണ്ണ ബസാറില്‍ ഉണ്ട്. പഞ്ചായത്തിന്റെ അതിര്‍ത്തിയായ കുട്ടിക്കണ്ടിതാഴം, കണ്ണിപ്പോയില്‍ താഴവയല്‍, നരയംകുളം വയല്‍ വരെ ബ്രാഞ്ച് കനാല്‍ എത്തി നില്‍ക്കുകയാണ്. ഇവിടെ നിന്ന് ചെവിടന്‍ കുളങ്ങരഭാഗം മുറിച്ചു കടന്നാല്‍ വയലിലൂടെ കാസ്റ്റയേണ്‍ പൈപ്പുകള്‍ വഴി പാടിക്കുന്നിന് താഴ് വാരത്തുള്ള എരാമ്പോയില്‍, ചെറുക്കാട് വയലുകളില്‍ കനാല്‍ വെള്ളമെത്തിക്കാന്‍ കഴിയും. അതുവഴി കുറ്റിവയല്‍, കോളിക്കാം വയല്‍ തുടങ്ങി മുഴുവന്‍ പാടശേഖരങ്ങളിലേക്കും വെള്ളം തിരിച്ചുവിടാം. ഇങ്ങനെ സൗകര്യമൊരുക്കിയാല്‍ വയലുകളില്‍ കൃഷിയിറക്കി മേഖല കൃഷി സമൃദ്ധമാക്കാമെന്നും കര്‍ഷകര്‍ പറഞ്ഞു.