ശക്തമായ കാറ്റിൽ വേളത്ത് മരങ്ങൾ കടപുഴകി വീണു; ​ഗതാ​ഗതവും വെെദ്യുതി വിതരണവും തടസപ്പെട്ടു, ഒഴിവായത് വൻദുരന്തം


പേരാമ്പ്ര: വേളം പൂളക്കൂൽ കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ​ഗതാ​ഗതം തടസപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള മാവാണ് കടുഴകി വീണത്. ജി.എൽ.പി.എസ് സ്കൂളിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. സ്കൂളിലേക്ക് കുട്ടികൾ പോകുന്ന പ്രഥാന പാതയിലാണ് അപകടം നടന്നത്. സ്കൂൾ സമയമായതിനാൽ കുട്ടികളുമായെത്തുന്ന വാഹനങ്ങളടക്കം റോഡിലുണ്ടായിരുന്നു. വാഹനങ്ങളിൽ തട്ടാതെ മരം റോഡിൽ പതിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.

ശക്തമായ കാറ്റിനെ തുടർന്ന് രണ്ട് മരം മുറിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതിനെതുടർന്ന് പുളക്കൂൽ – പള്ളിയത്ത് റോഡിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു. നാദാപുരം അ​ഗ്നി രക്ഷാസേനയെ വിവരമറയിച്ചതിനെ തുടർന്ന് അവരെത്തി മരംമുറിച്ചുമാറ്റി ​ഗതാ​ഗതം പുനസ്ഥാപിച്ചു. ഒരു മണിക്കൂറോളം റോഡിൽ ​ഗതാ​ഗതം തടസപ്പെട്ടു.

മരം ഇലട്രിസിറ്റി ലെെനിൽ വീണതിനാൽ നാല് ഇലട്രിക് പോസ്റ്റുകൾ പൊട്ടിവീണു. പ്രദേശത്ത് വെെദ്യുതി വിതരണം താത്ക്കാലികമായി തടസപ്പെട്ടു. പോസ്റ്റുകൾ പുനസ്ഥാപിച്ച് വെെദ്യുതി വിതരണം സു​ഗമമാക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി അധീകൃതർ. ആയഞ്ചേരിയിൽ നിന്ന് കെ.എസ്.ഇ.ബി. ജീവനക്കാരും നാട്ടുകാരും ചേർന്ന് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തിക്കാണ്ടിരിക്കുകയാണ്.

രാവിലെയുണ്ടായ കനത്ത കാറ്റിൽ നാദാപുരം പരിധിയിലെ വിവിധ സ്ഥലങ്ങളിൽ മരം കടപുഴകി വീണതായി നാദാപുരം അ​ഗ്നി രക്ഷാസേന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പൂളക്കൂലിന് പുറമേ പുതുക്കയത്തും പച്ചപ്പാടം റോഡിൽ മുന്നിടങ്ങളിലും മരം കടപുഴകി വീണിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ഇ.സി.നന്ദകുമാർ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ.സി.സുജേഷ് കുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ഇ.കെ നികേഷ്, അരുൺപ്രസാദ്, എം.ലിനീഷ്, പി.കെ.ജെെസൽ, രഘുനാഥൻ എന്നിവർക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പതിനാലാം വാർഡ് വികസന സമിതി കൺവീനർ വി.പി.ശശി, കെ.രാഘവൻ, മഠത്തിൽ ശ്രീധരൻ, കെ.സത്യൻ ഒതയോത്ത് രവി, പഞ്ചായത്ത് ജീവനക്കാരായ സുരേഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു സംഭവ സ്ഥലം സന്ദർശിച്ചു.

Summary: due to heavy wind tree was felldown at velom