വാഹനങ്ങളില്‍ കുറ്റ്യാടിയില്‍ നിന്നും തൊട്ടില്‍പ്പാലത്തേക്ക് പോകുന്നവര്‍ ജാഗ്രതൈ! റോഡില്‍ ഡ്രൈനേജ് നിര്‍മ്മാണത്തിന്റെ ഭാഗമായെടുത്ത കുഴികളുണ്ട്: ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടമുണ്ടാകും
കുറ്റ്യാടി: മഴ കനത്തത്തോടെ കുറ്റ്യാടിയില്‍ റോഡും സമീപത്തെ കടകളും വെള്ളത്തിലായി. ഇന്ന് ഉച്ച മുതല്‍ മേഖലയില്‍ കനത്ത മഴയാണ്. തൊട്ടില്‍പ്പാലം റോഡില്‍ ഡ്രൈനേജ് പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
റോഡിലെ കുഴികളും മറ്റും കാണാന്‍ സാധിക്കില്ലെന്നതിനാല്‍ വാഹനങ്ങളിലും കാല്‍നടയായും യാത്ര ചെയ്യുന്നവര്‍ക്ക് അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വ്യാപാരികള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഡ്രൈനേജിനുവേണ്ടി കിടങ്ങ് കീറി കുറച്ചുഭാഗം കോണ്‍ക്രീറ്റ് ഇട്ടും മറുഭാഗം വലിയ കുഴിയുമൊക്കെയായി കിടക്കുകയാണ്. ഇതിലേക്ക് വാഹനങ്ങള്‍ വീണാല്‍ വലിയ അപകടമുണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
വടകര റോഡില്‍ ഇരുപതോളം ഷോപ്പുകളിലാണ് വെള്ളം കയറിയത്. യത്തീംഖാന കോംപ്ലെക്‌സില്‍ താഴത്തെ നിലയിലെ ഒട്ടുമിക്ക കടകളിലും വെള്ളം കയറി. വസ്ത്രവില്‍പ്പനശാലകള്‍, ചെരുപ്പ് കടകള്‍, ലാബ് എന്നിവിടങ്ങളില്‍ വെള്ളം കയറിയ സാധനങ്ങള്‍ നശിച്ച അവസ്ഥയുമുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.വി ലത്തീഫ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ശക്തിയിലൊരു മഴ പെയ്താല്‍ കുറേക്കാലമായി വടകര റോഡിലെ പല കടകളും മുങ്ങുന്ന സ്ഥിതിയാണ്. ഡ്രൈനേജ് വീതി കൂട്ടി വെള്ളത്തിന് സുഗമായി ഒഴുകിപ്പോകാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് വ്യാപാരികള്‍ പലവട്ടം ആവശ്യപ്പെട്ടതാണ്. അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാവാത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.