ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരം കടപുഴകി വീണു; രക്ഷകരായി പേരാമ്പ്ര ഫയര്‍ഫോഴ്സ്


പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ മഠത്തിൽ മുക്കിൽ ട്രാൻസ്ഫോർമറിന് സമീത്തെ ഇലക്ട്രിക് ലൈനിന് മുകളിലൂടെയാണ്‌ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ കാറ്റിനെ തുടര്‍ന്ന് മരം കടപുഴകി വീണത്‌.

റോഡരികിലുള്ള പറമ്പിൽ നിന്നും വലിയ തേക്കുമരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ വീണ് അപകടാവസ്ഥയിലാവുകയിരുന്നു. അപകടത്തെ തുടര്‍ന്ന് പേരാമ്പ്ര അഗ്നിശമന നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ, ശ്രീ. കെ.ടി. റഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇലക്ട്രിക് ലൈനുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കാതെ മരം മുറിച്ചുമാറ്റി.

ഒരു മണിക്കൂറിലേറെ പ്രയത്‌നിച്ചാണ് മരം മുറിച്ചു മാറ്റി ഗതാഗതം സാധാരണ നിലയിലാക്കിയത്. ഉദ്യോഗസ്ഥരായ സിധീഷ്, സിജീഷ് വിപിൻ, വിനീത് എന്നിവര്‍ക്കൊപ്പം കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.