കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വാടകമുറി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന; എം.ഡി.എം.എയുമായി നന്മണ്ട സ്വദേശി പിടിയിൽ
ബാലുശ്ശേരി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി നന്മണ്ട സ്വദേശി പിടിയിൽ. നടുവണ്ണൂരിൽ വാടകമുറി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തിയ നന്മണ്ട കയ്യാൽ മീത്തൽ അനൂപാണ് പിടിയിലായത്. ഇയാളിൽനിന്ന് 9.057 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിട്ടുണ്ട്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പല സ്ഥലങ്ങളിലായി വാടക മുറിയെടുത്ത് ലഹരി വിൽപന നടത്തുകയാണ് ഇയാളുടെ പതിവുരീതി.
പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബാലുശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബേബിയും പാർട്ടിയുമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം. സജീവൻ, പ്രിവന്റിവ് ഓഫിസർമാരായ പി.എൻ. രാജീവൻ, ടി. നൗഫൽ, സിവിൽ എക്സൈസ് ഓഫിസർമാരായ സോനേഷ് കുമാർ, ആർ.കെ. റഷീദ്, വനിത സിവിൽ എക്സൈസ് ഓഫിസർ സുജ ഇ. ജോബ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.