കൊയിലാണ്ടിയില്‍ ലഹരിമാഫിയയുടെ ഗുണ്ടാവിളയാട്ടം; ഡി.വൈ.എഫ്.ഐ ലഹരിവിരുദ്ധ സ്‌ക്വാഡ് പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം


കൊയിലാണ്ടി: കഞ്ചാവ് മാഫിയ സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ചതായി പരാതി. കൊയിലാണ്ടിയിലെ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരായ ഡി.വൈ.എഫ്.ഐയുടെ സ്‌ക്വാഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരത്തില്‍ പരിശോധന നടത്തിയ അഞ്ചംഗ സംഘത്തെയാണ് കഞ്ചാവ് മാഫിയ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തു. കന്നൂര്‍ സ്വദേശി സൂരജ് ആണ് അറസ്റ്റിലായത്.

റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയുള്ള ആളൊഴിഞ്ഞ വീട്ടില്‍ മൂന്നുപേര്‍ ലഹരി ഉപയോഗിച്ചുകൊണ്ടിരിക്കവെയാണ് ഡി.വൈ.എഫ്.ഐ സംഘം സ്ഥലത്തെത്തിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മൂന്നംഗ സംഘം കല്ലും വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ വിഷ്ണുവിന് പരിക്കേറ്റു. വിഷ്ണുവിന് തലയ്ക്കാണ് പരിക്കേറ്റത്. വിഷ്ണു കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അക്രമികളിലൊരാളെ അറസ്റ്റു ചെയ്തത്.