ആളൊഴിഞ്ഞ സ്‌റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ അവിടെയിറങ്ങി കച്ചവടം നടത്തും; ആന്ധ്രയില്‍ നിന്നും ട്രെയിന്‍മാര്‍ഗം കഞ്ചാവ് കോഴിക്കോടെത്തിച്ച് ആവശ്യക്കാര്‍ക്ക് മൊത്തമായി മറിച്ചുവില്‍ക്കുന്ന യുവാവ് അറസ്റ്റില്‍


കോഴിക്കോട്: ആന്ധ്രയില്‍ നിന്നും വലിയ തോതില്‍ കഞ്ചാവ് കോഴിക്കോട് എത്തിച്ച് മറിച്ചുവില്‍ക്കുന്ന യുവാവ് പിടിയില്‍. തിരുന്നാവായ പട്ടര്‍ നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ സി.പി ഷിഹാബിനെ (33) ആണ് ജില്ലാ ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ് ) ഫറോക്ക് പൊലീസും ചേര്‍ന്ന് വലയിലാക്കിയത്.

ജില്ലയില്‍ ലഹരിക്കെതിരെ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച് പരിശോധനകള്‍ കര്‍ശനമായി നടത്തി വരുന്നതിനിടെയാണ് ഷിഹാബ് പൊലീസിന്റെ പിടിയിലാവുന്നത്. ഫറോക്ക് സ്‌കൂള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസര പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ വ്യാപക മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരം പൊലിസിന് ലഭിച്ചിരുന്നു. കഞ്ചാവ് വിതരണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് പൊലീസിന് ഷിഹാബിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

പൊലീസിനെ കബളിപ്പിക്കുന്നതിനായി ആളൊഴിഞ്ഞ സ്റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഇറങ്ങി അവിടെ വെച്ച് കച്ചവടം നടത്തിയ ശേഷം നാട്ടിലേക്ക് ബസ് മാര്‍ഗ്ഗം പോവുകയാണ് ചെയ്തിരുന്നത്. അന്വേഷണത്തിനൊടുവില്‍ ഷിഹാബിനെ നിരീക്ഷിച്ച്, കഞ്ചാവ് വിതരണത്തിലെ ശൈലി പഠിച്ചാണ് ഡന്‍സാഫ് പ്രതിയെ വലയിലാക്കിയത്.

ഗള്‍ഫില്‍ ഡ്രൈവര്‍ ജോലിയായിരുന്ന ഷിഹാബ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ചെന്നൈയില്‍ ഹോട്ടലില്‍ ജോലി ചെയ്തുവരവേ ആണ് സാമ്പത്തിക ബുദ്ധിമുട്ടു മൂലം മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പ്രതിയുമായി ബന്ധപ്പെട്ട മറ്റു കണ്ണികളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഫറോക്ക് സി.ഐ എം.പി.സന്ദീപ് പറഞ്ഞു. പിടിയിലായ ഷിഹാബിന് ഭവനഭേദനം മോഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.

ആന്ധ്രയില്‍ നിന്ന് വിലക്കുറവില്‍ വാങ്ങുന്ന കഞ്ചാവിന് കേരളത്തില്‍ ഇരുപത് ഇരട്ടിയിലേറെ വില ലഭിക്കും എന്നതും ട്രെയിനില്‍ എളുപ്പം പൊലീസിന്റെ കണ്ണുവെട്ടിച്ച് കഞ്ചാവെത്തിക്കാം എന്നതുമാണ് ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവെത്തിക്കാന്‍ ലഹരി സംഘങ്ങളെ പ്രേരിപ്പിക്കുന്നത്.
[mid4