താമരശ്ശേരി ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചു; യാത്രക്കാരുടെ പരാതിയിൽ കോഴിക്കോട് സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി


താമരശ്ശേരി: താമരശ്ശേരി ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറും കോഴിക്കോട് സ്വദേശിയുമായ മുഹമ്മദ് റാഫിഖിന്റെ ലൈസൻസാണ് റദ്ദാക്കിയത്. കൊടുവള്ളി ആർ.ടി.ഒ ആണ് നടപടിയെടുത്തത്.

ശനിയാഴ്ചയാണ് നടപടിക്കാധാരമായ സംഭവം നടന്നത്. വൈകുന്നേരം 4.50-ന് കല്പറ്റയിൽനിന്ന് കോഴിക്കോട്ടേക്ക് പോകവെ റാഫിഖ് ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുകയായിരുന്നു. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ വീഡിയോ എടുത്ത് താമരശ്ശേരി പോലീസിൽ അറിയിക്കുകയും പരാതി മോട്ടോർവാഹന വകുപ്പിന് കൈമാറുകയുമായിരുന്നു.

പരാതി വന്നതിന് പിന്നാലെ റാഫിഖിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈസൻസ് റദ്ദാക്കിയത്.