ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനം; യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ നൽകിയ വ്യാജരേഖയുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു


പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയിൽ വ്യാജ രേഖ നൽകിയ സംഭവത്തിൽ മേപ്പയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്തിലെ ഡ്രൈവറായിരുന്ന കെ എം ദിജേഷിനെ പിഎസ്‌സി നിയമനം വരുന്നതു വരെ പിരിച്ചുവിടരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ അപ്പീൽ പോകാൻ സെപ്തംബർ 14-ലെ ഭരണസമിതി യോഗം തീരുമാനിച്ചു. 15 അംഗ ഭരണസമിതിയിൽ ഏഴുപേരുടെ വി യോജിപ്പോടെയായിരുന്നു തീരുമാനം. ഹൈക്കോടതിയിൽ നൽകിയ റിട്ട് അപ്പീലിൽ 2023 ആഗസ്ത് ഒമ്പതിന് പഞ്ചായത്തിൽ നിന്ന് പോയ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന സന്ദീപ് ഒപ്പിട്ട സത്യവാങ്മൂലമാണ് സമർപ്പിച്ചത്.

വ്യാജരേഖ നൽകിയതുമായി ബന്ധപ്പെട്ട് ഡ്രൈവർ കെ എം ദിജേഷും പഞ്ചായത്ത് അംഗം കെ പി ബിജുവും മന്ത്രി തലത്തിലും പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. തുടർന്ന്, വകുപ്പുതല അന്വേഷണത്തിൽ ഹൈക്കോടതിയിൽ നൽകിയ രേഖ വ്യാജമാണെന്ന് കണ്ടെത്തുകയും റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയും ചെയ്തു. ഇതിൽ തുടർ നടപടി സ്വീകരിക്കാൻ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.

വ്യാജ ഒപ്പ് ചമച്ച സാഹചര്യവും ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെയും കണ്ടെത്തി നിയമന ടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴത്തെ പഞ്ചായത്ത് സെക്രട്ടറി കെ സുമേഷ് നൽകിയ പരാതിയിലാണ് മേപ്പയൂർ പൊലിസ് കേസെടുത്തത്. ഒന്നാം കക്ഷിയായ സന്ദീപിന്റെ ഒപ്പ് വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ രണ്ടാംകക്ഷി എൻ ടി ഷിജിത്തും അഡ്വ. സി വൽസനും കേസിൽ പ്രതികളാവുമെന്നാണ് സൂചന.