ചങ്ങരോത്ത് കുടുംബശ്രീ സിഡിഎസ് സില്‍വര്‍ ജൂബിലി ആഘോഷം, ദൃശ്യം 2023ന് പാലേരിയില്‍ തുടക്കമായി; ഇന്ന് വോളിബോള്‍ മത്സരങ്ങള്‍


ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സില്‍വര്‍ ജൂബിലി ആഘോഷത്തിന് പാലേരിയില്‍ തുടക്കമായി. ദൃശ്യം 23′ എന്ന പേരില്‍ നടക്കുന്ന പരിപാടി ഫെബ്രുവരി 12 വരെ തുടരും. ഇന്ന് പ്രധാനമായും വോളിബോള്‍ മത്സരമാണ് നടക്കുന്നത്.

വനിതാ വിഭാഗത്തില്‍ എസ്.എന്‍ കോളേജ് ചേളന്നൂര്‍, സെന്റ് മേരീസ് ബത്തേരി ടീമുകളാണ് പങ്കെടുക്കുന്നത്. പുരുഷ വിഭാഗത്തില്‍ ബ്രദേഴ്‌സ് മൂലാട്, ത്രീസ്റ്റാര്‍ ചോയിമഠം, യുണൈറ്റഡ് പാലേരി, ജാഫ ഡേറ്റ്‌സ് ആന്റ് നട്ട്‌സ് കുറ്റ്യാടി എന്നീ ടീമുകള്‍ മാറ്റുരയ്ക്കും. ഇന്ന് വൈകുന്നേരം ആറുമണിയ്ക്കാണ് മത്സരം.

ഇന്നലെ പാലേരി ചാളക്കുന്നത്ത് താഴെ നിന്നും വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അണിനിരന്ന ഘോഷയാത്രയോടെയാണ് ഫെസ്റ്റ് ആരംഭിച്ചത്. ആയിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. ഗ്രാമ പഞ്ചായത്തിലെ 19 വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അതാത് വാര്‍ഡുകളുടെ ബാനറുകള്‍ക്ക് പിന്നില്‍ അണിനിരന്ന ഘോഷയാത്രയില്‍ കുടുംബശ്രീയുടെ ചരിത്രവും നേട്ടങ്ങും സാമൂഹ്യ പ്രശ്‌നങ്ങളും വിളിച്ചോതി. വിവിധ കലാപരിപാടികളും ഭാരതീയ മതേതരത്വവും ഘോഷയാത്രയില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ സിഡിഎസ് സില്‍വര്‍ ജൂബിലി ആഘോഷം ദൃശ്യം 2023 ന് തിരി തെളിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് അരുണ്‍ കുമാര്‍ കല്ലിങ്കലും ദേവനശ്രീയയും നയിച്ച ഗാനമേളയും നടന്നു.