വേനലില്‍ സമൃദ്ധമായി കുടിവെള്ളം; മേഞ്ഞാണ്യം വാര്‍ഡിലെ 95ഓളം കുടുംബങ്ങള്‍ക്ക് ശുദ്ധജലവുമായി ചെറിയവീട്ടില്‍ – ഉണ്ണിക്കുന്ന് കുടിവെള്ള പദ്ധതിക്ക് തുടക്കമായി


പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ മേഞ്ഞാണ്യം വാര്‍ഡില്‍ നിര്‍മിച്ച ചെറിയവീട്ടില്‍ -ഉണ്ണിക്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഭാരത് പെട്രോളിയം പൊതുനന്മ ഫണ്ട് തുകയായ മുപ്പത്താറ് ലക്ഷം രൂപ ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി ഒരുക്കിയിരിക്കുന്നത്.

ചെറിയ വീട്ടില്‍ ശിവദാസന്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് കിണര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതി നിലവില്‍ വന്നതോടെ പ്രദേശത്തെ 95 കുടുംബങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാവും.

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ എ.കെ പത്മനാഭന്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

ചെറിയ വീട്ടില്‍ ശിവദാസന്‍, നാരോക്കുന്നുമ്മല്‍ സുരേഷ്, മേയലാട്ട് ബാലകൃഷ്ണന്‍, കുമ്മണിയോട്ട് ബാബു, കെ.പി ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ കെ.എം റീന സ്വാഗതവും കുമാരന്‍ ചാത്തോത്ത് നന്ദിയും പറഞ്ഞു.