ഡ്രീം കേക്ക് എന്ന ടോര്‍ട്ട് കേക്ക്; പേരാമ്പ്രയിലും ട്രെന്‍ഡിംഗ് ആയി സ്വപ്നരുചിയുടെ അഞ്ച് ചോക്കളേറ്റ് പാളികള്‍


സനല്‍ദാസ് ടി. തിക്കോടി

സ്പൂണ്‍ കൊണ്ട് മൃദുവായ ഒരു തട്ട്, മിനുസമുള്ള സ്പൂണിന്‍റെ പിന്‍ഭാഗം കൊണ്ട് ഒരു തലോടല്‍. പിന്നെ സ്വിസ് ചോക്കലേറ്റിന്‍റെ കടുപ്പം ഭേദിച്ച് അഞ്ച് പാളികളിലായി പരന്ന് കിടക്കുന്ന കേക്കിന്‍റെ രുചിവൈവിധ്യങ്ങളുടെ കണ്‍വര്‍ജന്‍സിലേക്ക് സ്പൂണ്‍ ആഴ്ന്നിറങ്ങുകയായി. 5 ഇന്‍ 1 ടോര്‍ട്ടെ കേക്ക് എന്ന ഡ്രീം കേക്ക് [5 in 1 Torte Cake / Dream Cake] ഇങ്ങനെയല്ലാതെ ഏതെങ്കിലും മലയാളി കഴിച്ച് തുടങ്ങാറുണ്ടോ എന്ന് സംശയമാണ്.

കേരളത്തിലുടനീളം ട്രെന്‍ഡിംഗ് ആയ ഈ കേക്ക് ഇപ്പോള്‍ പേരാമ്പ്രയിലെ തനത് ബേക്കേഴ്സിന്‍റെ ഇടയിലും താരമാണ്. കേക്ക് ഷോപ്പുകള്‍ക്ക് പുറമെ ഹോം മെയ്ഡ് ടോര്‍ട്ട് കേക്കുകളും പേരാമ്പ്രയില്‍ ഇപ്പോള്‍ സുലഭമാണ്.

കേക്കിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ബര്‍ത്ത്ഡേ പാര്‍ടിയോ ആനിവേഴ്സറിയോ മനസിലേക്ക് വരുന്നതും ചുറ്റും കൂടി നിന്ന് വിപ്പിംഗ് ക്രീമിന്‍റെ ആധിക്യമുള്ള കേക്ക് കട്ട് ചെയ്യുന്നതുമായ പതിവ് സങ്കല്‍പങ്ങളുടെ പൊളിച്ചടുക്കാണ് ടോര്‍ട്ട് കേക്ക്. സാധാരണ കേക്കിന്‍റെ വിലയില്‍ ഒരു പ്രീമിയം കേക്കിന്‍റെ എക്സ്പീരിയന്‍സ് എന്നതാണ് ടോര്‍ട്ട് കേക്കിനെ [Torte Cake] ഇത്രയും ജനപ്രിയമാക്കുന്നതെന്ന് തോന്നുന്നു.

Torte-Cake-Dream-Cake

പല പേര് കേട്ട് കണ്‍ഫ്യൂഷനടിക്കേണ്ട. കേക്ക് സ്റ്റുഡിയോ പോലുള്ള ബ്രാന്‍ഡുകള്‍ 5 ഇന്‍ വണ്‍ ടോര്‍ട്ട് കേക്ക് [ 5 in 1 torte Cake] എന്ന് വിളിക്കുമ്പോള്‍ ഷുഗര്‍ സിസ്റ്റേഴ്സ് ഉള്‍പ്പടെയുള്ള മറ്റു ചില ബ്രാന്‍ഡുകള്‍ ഡ്രീം കേക്ക് [Dream Cake] എന്ന് വിളിക്കുന്നു എന്ന് മാത്രം. ചേരുവകളില്‍ ചെറിയ വ്യത്യാസം കാണുമെങ്കിലും അനുഭവം ഏകദേശം സമാനം തന്നെ.

റൗണ്ട് ടിന്‍ ബോക്സിലാണ് സാധാരണ ഡ്രീംകേക്കുകള്‍ ലഭ്യമാവുക. അഞ്ച് പാളികളിലായി പല വൈവിധ്യത്തിലുള്ള പ്രീമയം അനുഭവം തരുന്ന ചോക്കലേറ്റ് കേക്കുകള്‍ ചേര്‍ന്നതാണ് ഡ്രീംകേക്ക്. താഴെയുള്ള നാല് പാളികള്‍ ഒരു ക്രീമി ഫീല്‍ തരുമ്പോള്‍ ഏറ്റവും മുകളില്‍ കട്ടിയുള്ള സ്വിസ്സ് ചോക്കളേറ്റ് പാളികൊണ്ട് സീല്‍ ചെയ്തിരിക്കും. അഞ്ച് പാളികളിലായുള്ള കേക്കുകള്‍ ഒന്നിച്ച് സ്പൂണ്‍ കൊണ്ട് സ്ലൈസ് ചെയ്തെടുത്ത് കഴിക്കുന്നതാണ് രീതി. കൂടുതല്‍ രുചിക്കായി കേക്കുകള്‍ക്കിടയില്‍ ചോക്കോ ചിപ്സും നട്സും ഡ്രൈ ഫ്രൂട്ടുകളും ആഡ് ചെയ്യാറുമുണ്ട്.

നേരത്തെ വലിയ ബ്രാന്‍ഡുകള്‍ മാത്രം പുറത്തിറക്കിയിരുന്ന ഈ കേക്ക് വളരെ പെട്ടെന്ന് തന്നെ ഹോം മെയ്ഡ് ആയി പുറത്തിങ്ങാന്‍ തുടങ്ങി. മറ്റു കേക്കുകളെ അപേക്ഷിച്ച് എളുപ്പം ഉണ്ടാക്കാമെന്നതും ഒരു ആഘോഷത്തിന്‍റെയും ഭാഗമല്ലാതെ തന്നെ രസകരമായി കഴിക്കാമെന്നതും ടോര്‍ട്ട് കേക്കിനെ ജനപ്രിയമാക്കി.

കൊയിലാണ്ടിയില്‍ വിവിധ വലുപ്പത്തിലും വിലയിലും ടോര്‍ട്ട് കേക്ക് ലഭ്യമാണ്. 600 രൂപ മുതല്‍ 800 രൂപ വരെയാണ് അരക്കിലോയ്ക്ക് വില. മിനി പതിപ്പുകള്‍ ഏകദേശം 400 രൂപയ്ക്ക് ലഭ്യമാവും. 1200 മുതല്‍ 1400 വരെയാണ് ഒരു കിലോ ടോര്‍ട്ട് കേക്കിന്‍റെ വില. ചോക്കളേറ്റിന് പുറമേ മാംഗോ ഫ്ലേവറുകളിലും ചില ബേക്കേഴ്സ് ടോര്‍ട്ട് കേക്ക് ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്.

നല്ല ഭംഗിയുള്ള ബോക്സുകളില്‍ ലഭ്യമാകുന്നതിനാലും ഉടയാതെ എളുപ്പം കൊണ്ടുപോകാവുന്നതിനാലും മികച്ച ഒരു ഗിഫ്റ്റ് ഒപ്ഷനായും ടോര്‍ട്ട് കേക്ക് മാറിയിട്ടുണ്ട്.

Summary: 5 in 1 Torte cake / Dream cake trending in Koyilandy. Price range from 600 to 800 for Half Kg Dream cake and 1200 for 1 kg Torge cake.