മുഖത്തോട് മുഖം നോക്കി രണ്ട് ഡി.എം.ഒ ഉദ്യോഗസ്ഥര്‍; ‘സാഗർ കോട്ടപ്പുറം’ വരുമോയെന്ന് മലയാളികള്‍, കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ ഇന്നും നാടകീയ രംഗങ്ങള്‍
കോഴിക്കോട്: ഡിഎംഒ ഓഫീസിൽ വീണ്ടും നാടകീയ രംഗങ്ങള്‍. കഴിഞ്ഞ ദിവസത്തിന് സമാനമായി ഒരേ സമയം രണ്ട് മെഡിക്കൽ ഓഫീസർമാരാണ് ഇന്ന് ഒരേ ക്യാബിനിലെത്തി മുഖത്തോട് മുഖം നോക്കിയിരുന്നത്. സ്ഥലം മാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച മുൻ ഡി.എം.ഒ ഡോ.എൻ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശ ദേവിയുമാണ് ഇന്നും ഒരോ ക്യാബിനില്‍ എത്തിയത്.
1998ല്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ‘അയാള്‍ കഥയെഴുകയാണ് എന്ന സിനിമയിലെ’ രംഗങ്ങളെ ഓര്‍മിപ്പിക്കും വിധമാണ് ഡിഎംഒ ഓഫീസിലെ സംഭവങ്ങള്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സോഷ്യല്‍മീഡിയയില്‍ സിനിമയില്‍ തഹസിൽദാറായി ചുമതലയേൽക്കാൻ വന്ന ശ്രീനിവാസനും നന്ദിനി അവതരിപ്പിച്ച തഹസിൽദാർ പ്രിയദർശിനിയെയും ഓര്‍ത്തെടുക്കുകയാണ് മലയാളികള്‍. മാത്രമല്ല അവസാനം ‘സാഗര്‍ കോട്ടപ്പുറം’ പ്രശ്‌നത്തില്‍ ഇടപെടാന്‍ എത്തുമോയെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
ഇക്കഴിഞ്ഞ ഒമ്പതിന് ആരോഗ്യ വകുപ്പ് ഇറക്കിയ സ്ഥലംമാറ്റം മരവിപ്പിച്ച ട്രൈബ്യൂണൽ നടപടി അസാധുവാക്കിയെന്ന ഉത്തരവുമായാണ് തിങ്കളാഴ്ച ഉച്ചയോടെ ഡോ.ആശാദേവി സിവിൽ സ്റ്റേഷനിലെത്തിയത്. എന്നാൽ, ഡി.എം.ഒയുടെ ചുമതല കൈമാറാൻ നേരത്തെ ട്രൈബ്യൂണൽ ഉത്തരവുമായെത്തി കസേരയിലിരിക്കുന്ന ഡോ.രാജേന്ദ്രൻ തയാറായില്ല. ഇതോടെ ഡോ. ആശാദേവി രജിസ്റ്ററിൽ ഒപ്പിട്ട് സ്വയം ചുമതലയേറ്റു.
ഉത്തരവ് പ്രകാരം കോഴിക്കോട് ഡി.എം.ഒ ആയിരുന്ന ഡോ.എൻ രാജേന്ദ്രനെ അഡീഷനൽ ഡയറക്ടറായി തിരുവനന്തപുരത്തേക്കും എറണാകുളം ഡി.എം.ഒ ആയ ഡോ.ആശാദേവിയെ കോഴിക്കോട് സി.എം.ഒ ആയും സ്ഥലം മാറ്റിയിരുന്നു. എന്നാൽ, ഡോ. രാജേന്ദ്രൻ സ്ഥലംമാറ്റത്തിനെതിരെ അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് 12ന് സ്ഥലം മാറ്റത്തിന് സ്റ്റേ വാങ്ങി.
ഡോ. ആശാദേവി തിരുവനന്തപുരത്ത് ഔദ്യോഗിക കോൺഫറൻസിൽ പങ്കെടുക്കാൻ അവധിയിൽ പോയിരിക്കെ 13ന് ഡോ.എൻ.രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവുമായി ഓഫിസിലെത്തി വീണ്ടും സ്വയം ചുമതല ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഉത്തരവിനെതിരെ ഡോ. ആശാദേവി ട്രൈബ്യൂണലിനെ സമീപിക്കുകയും ഇറക്കിയ സ്റ്റേ ട്രൈബ്യൂണൽ റദ്ദാക്കുകയും ചെയ്തു. തുടർന്നാണ് ഡോ. ആശാദേവി 23ന് കോഴിക്കോട് ഓഫിസിൽ ചുമതല ഏറ്റെടുക്കാനെത്തിയത്.
Description: Dramatic scenes again at Kozhikode DMO office