കോഴിക്കോട്ടെ ഡി.എം.ഒ കസേരകളിയിൽ വീണ്ടും ട്വിസ്റ്റ്; ഡോ.എൻ. രാജേന്ദ്രൻ വീണ്ടും ഡി.എം.ഒ ആയി തുടരും


കോഴിക്കോട്: കോഴിക്കോട്ടെ ഡി.എം.ഒ കസേരകളിയിൽ വീണ്ടും ട്വിസ്റ്റ്. ഡി.എം.ഒ ആയി ഡോ.എൻ രാജേന്ദ്രൻ തിരികെ ചുമതലയേൽക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചുമതലയെടുക്കുന്നത്. സ്റ്റേ ഓർഡർ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അടുത്ത മാസം 9 വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ജനുവരി 9ന് ഹർജി വീണ്ടും പരി​ഗണിക്കും.

രാജേന്ദ്രൻ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരാണ് സ്ഥലംമാറ്റ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഇവർക്കും ഈ ഹൈക്കോടതി ഉത്തരവ് ബാധകമാകും. വെള്ളിയാഴ്ച തന്നെ ചുമതലയേൽക്കാൻ ഡോ.രാജേന്ദ്രൻ ഡി.എം.ഒ. ഓഫീസിലെത്തുമെന്നാണ് വിവരം. ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഡോ. ആശാദേവി ഓഫീസിൽ നിന്ന് അൽപസമയം മുമ്പ് മടങ്ങിയിരുന്നു.

കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ ഡോ.എൻ രാജേന്ദ്രൻ തയ്യാറാകാതിരുന്നതോടെയാണ് സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത്‌. ഈ മാസം ഒമ്പതിനാണ് ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. രാജേന്ദ്രന് ഡിഎച്ച്എസിൽ ഡെപ്യൂട്ടി ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയുമാണ് നിയമിച്ചത്. പത്താം തീയതി ജോലി പ്രവേശിക്കാനായിരുന്നു ആശാദേവിക്ക് നൽകിയ ഉത്തരവ്.

എന്നാൽ പത്താം തീയതി തിരുവനന്തപുരത്ത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ ആശാദേവിക്ക് കോഴിക്കോട് എത്താൻ കഴിഞ്ഞില്ല. ഈ സമയം ഡോ. രാജേന്ദ്രൻ ട്രിബ്യൂണലിനെ സമീപിക്കുകയും സ്ഥലംമാറ്റ ഉത്തരവിൽ സ്റ്റേ വാങ്ങുകയും ചെയ്തു. ഇതോടെ ആശാദേവിയും ട്രിബ്യൂണലിനെ സമീപിക്കുകയും സ്റ്റേ നീക്കുകയും ചെയ്തു. തുടര്‍ന്നാണ് ആശാദേവി ചുമതലയേല്‍ക്കാന്‍ ഓഫീസിലെത്തിയത്. പിന്നീടുള്ള രണ്ട് ദിവസം ഒരേ സമയം രണ്ട് പേരാണ് ഡിഎംഒ ആയി ഓഫീസിലെ കാബിനിലിരുന്നത്. സംഭവം വിവാദമായതോടെ എൻ.രാജേന്ദ്രനെ മാറ്റി ആശാദേവിയെ സർക്കാർ ഡി.എം.ഒ ആക്കി ഉത്തരവിറക്കിയിരുന്നു.

Description: Dr. N. Rajendran will continue as DMO again