”തമിഴ്‌നാട്ടിലെ തേവരെ ഉള്ള്യേരിയിലെ ആക്രിപെറുക്കലുകാരന്‍ ആക്കിയത് ‘വെള്ളം’ ആണ്”; പത്തേക്കര്‍ നിലം സ്വന്തമായുള്ള മൂന്നംഗ കുടുംബത്തെക്കുറിച്ചുള്ള ഡോ.അജയ് വിഷ്ണുവിന്റെ കുറിപ്പ് ചര്‍ച്ചയാവുന്നു


ഉള്ള്യേരി: പത്തേക്കര്‍ നിലം സ്വന്തമായുള്ള തമിഴ്‌നാട്ടിലെ ‘തേവര്‍’ വിഭാഗത്തില്‍പ്പെട്ട മൂന്നംഗ കുടുംബത്തെ കേരളത്തിലെത്തി ഇവിടെ ആക്രിപെറുക്കി ജീവിക്കേണ്ട അവസ്ഥയിലേക്കെത്തിച്ച കാര്യങ്ങള്‍ വിശദീകരിച്ചുള്ള ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാകുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ കുഴിക്കുന്ന കുഴല്‍ക്കിണറുകള്‍ ഭൂമിയിലെ ജലവിതാനത്തെയും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ അതിജീവനത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഡോക്ടറുടെ കുറിപ്പ്. ഉള്ള്യേരിയിലെ ഡോ. അജയ്‌സ് കെയറിലെ അജയ് വിഷ്ണുവാണ് തന്റെ സ്ഥാപനത്തില്‍ ചികിത്സയ്‌ക്കെത്തിയ ഇവരുടെ ജീവിതകഥ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ഡോ. അജയ് വിഷ്ണുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇന്ന് ഒ.പിയില്‍ വന്ന രണ്ടുപേരെ കുറിച്ച്..

കേരളം: ആക്രി കച്ചവടക്കാര്‍ ആണ്. ഈ പൊട്ടിയതും ചളുങ്ങിയതും അലഞ്ഞു നടന്ന് പെറുക്കി വില്‍ക്കും. ജീവിക്കും.

തമിഴ്‌നാട്ടിലെ തെങ്കാശി: 10 ഏക്കര്‍ നിലം സ്വന്തമായുള്ള ‘തേവര്‍’ വിഭാഗത്തില്‍പെട്ട വിനോദ് കുമാറും ഭാര്യ പ്രിയദര്‍ശിനിയും ഒരു വയസ്സ് പ്രായമുള്ള മകള്‍ വിദ്വിഷശ്രീയും ആണ് ഇവര്‍.

തമിഴ്‌നാട്ടിലെ തേവരെ കേരളത്തിലെ ആക്രിപെറുക്കലുകാരന്‍ ആക്കിയത് ‘വെള്ളം’ ആണ്.

വിനോദ് കുമാര്‍ പറയുന്നു –

കുഞ്ഞുന്നാളില്‍ തണ്ണിയില്‍ കുതിച്ചു കളിച്ചത് ഇന്നലെയെന്നോണം ഓര്‍മ്മയുണ്ട്…
വര്‍ഷത്തില്‍ മൂന്നു തവണ വിളവെടുക്കുന്ന നെല്‍പ്പാടം ഉണ്ടായിരുന്നു അപ്പക്ക്!

സമ്പന്നമായിരുന്ന ഒരു ബാല്യം അവിടെ എല്ലാവര്‍ക്കും ഉണ്ടായിരുന്നു..

പിന്നീട് കമ്പനികള്‍ വന്നു. അവര്‍ ബോര്‍ കുഴിച്ചു വെള്ളം എടുത്തു തുടങ്ങി. ഭൂമിയിലെ വെള്ളം താണുതുടങ്ങി!
300 മീറ്റര്‍ കുഴിച്ചാലും വെള്ളം ഇല്ലാതായി! വ്യവസായം (കൃഷി ) മുടങ്ങി.

300km ചുറ്റളവില്‍ തെങ്കാശി മുതല്‍ തിരുനെല്‍വേലി വരെ വെള്ളം ഇല്ലാതെ വറ്റി വരളാന്‍ തുടങ്ങി!
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസം ഇപ്പോഴും നല്ല മഴ കിട്ടുന്നുണ്ട്. പക്ഷെ ഭൂമിയില്‍ വെള്ളമില്ല! ഈ മഴ വെള്ളം കൊണ്ടു ഒരു പ്രയോജനവും ഇല്ല!

കുടിക്കാന്‍ വെള്ളം ഇല്ലാതെ കുഞ്ഞുങ്ങള്‍ കരഞ്ഞു തുടങ്ങിയപ്പോള്‍ ഒരു വീടിനു ഒരു ദിവസം അഞ്ച് കുടം തണ്ണി, കുടം ഒന്നിന് 10 രൂപ എന്ന കണക്കില്‍ സര്‍ക്കാര്‍ വെള്ളം കൊണ്ടു കൊടുത്തു..!

അതുകൊണ്ടൊന്നും ജീവിക്കാന്‍ കഴിയാതെ ഇവിടെ ഉള്ളിയേരി വന്ന് ഒരു പുതിയ തൊഴില്‍ പഠിച്ചു വര്‍ഷങ്ങളായി ജീവിക്കയാണ് ഈ ‘തേവര്‍’ കുടുംബം!

ഈ കഥ പറയുമ്പോള്‍ തേവരുടെ കണ്ണുകളില്‍ നിഴലിച്ച നിരാശ നാളെ, എനിക്കും നമുക്കും ഉള്ളത് തന്നെയാണ്.