നീലക്കുറിഞ്ഞി കാണാന്‍ ഏത് നേരത്തും പോകാമെന്ന് കരുതേണ്ട; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, പോകേണ്ടത് ഇങ്ങനെ


ഇടുക്കി: ശാന്തന്‍പാറയില്‍ നീലക്കുറിഞ്ഞി വസന്തം കാണാന്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ, സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍. പ്രവേശനം രാവിലെ ആറു മുതല്‍ വൈകുന്നേരം നാലു വരെ മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ട്.

സന്ദര്‍ശിക്കുന്നവര്‍ മെയിന്‍ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യണം. 22, 23, 24 തീയതികളില്‍, മൂന്നാര്‍, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജംഗ്ഷനില്‍ നിര്‍ത്തി, കെ.എസ്.ആര്‍.ടി.സി ഫീഡര്‍ ബസുകളില്‍ സന്ദര്‍ശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം.

കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബസുകളും, ട്രാവലറുകളും ഉടുമ്പന്‍ചോല ജംഗ്ഷനില്‍ നിര്‍ത്തി കെ.എസ്.ആര്‍.ടി.സി ഫീഡര്‍ ബസുകളില്‍ സന്ദര്‍ശന സ്ഥലത്തേക്കും തിരികെ ഉടുമ്പന്‍ചോല ജംഗ്ഷനിലേക്കും പോകണം.

മൂന്നാര്‍, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളില്‍ നിന്നും നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികള്‍ അല്ലാത്ത യാത്രക്കാര്‍ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകണം. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളില്‍ നിന്നും പൂപ്പാറ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ ഉടുമ്ബന്‍ചോല, വട്ടപ്പാറ, സേനാപതി വഴി പോകണം. ഇടുക്കി ശാന്തന്‍പാറയിലെ കള്ളിപ്പാറ മലനിരകളിലാണ് നീലവസന്തമൊരുക്കി നീലക്കുറിഞ്ഞി പൂവിട്ട് നില്‍ക്കുന്നത്.

നീലക്കുറിഞ്ഞി പൂക്കള്‍ പറിക്കുന്നത് ശിക്ഷാര്‍ഹമാണ്. പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സാഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കണം.